രണ്ടരമാസം മുമ്പ് മരണപ്പെട്ട കുമ്പള സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു


അമ്പലത്തറ: രണ്ടരമാസം മുമ്പ് സംസ്‌ക്കരിച്ച ബംബ്രാണ സ്വദേശിയുടെ മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്ത് നാട്ടിലേക്ക്‌കൊണ്ടുപോയി സംസ്‌ക്കരിച്ചു.
എട്ട് മാസം മുമ്പ് കുമ്പള ജനമൈത്രി പോലീസും നാട്ടുകാരും അമ്പലത്തറ സ്‌നേഹാലയത്തില്‍ എത്തിച്ച അബ്ദുള്ളയുടെ (60) മൃതദേഹമാണ് പുറത്തെടുത്ത് നാട്ടില്‍കൊണ്ടുപോയി സംസ്‌ക്കരിച്ചത്. അബ്ദുള്ളയെ സ്‌നേഹാലയത്തില്‍ എത്തിച്ചവര്‍ ഫോണ്‍ നമ്പര്‍കൊടുത്തിരുന്നില്ല.
2019 ഡിസംബര്‍ 24 നാണ് അബ്ദുള്ള മരണപ്പെട്ടത്. തുടര്‍ന്ന് സ്‌നേഹാലയ ശ്മശാനത്തില്‍ മറവുചെയ്തു. രണ്ട് മാസം കഴിഞ്ഞുനാട്ടിലെ രണ്ടുപേര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. പരേതന്റെ നാട്ടിലെ പള്ളിയില്‍ നിന്ന് കത്തുമായി വന്നാല്‍ മൃതദേഹം കുഴിയില്‍ നിന്നെടുത്ത് കൊണ്ടുപോകാമെന്ന് സ്‌നേഹാലയാധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ബാസ്, പൊതുപ്രവര്‍ത്തകരായ സത്താര്‍ ആരിക്കാടി, എ.കെ.അഷ്‌റഫ്. യൂസുഫ് ബംബ്രാണ. മുസ്തഫ പാറപ്പള്ളി. മുനീര്‍ തുരുത്തി. സ്‌നേഹാലയട്രസ്റ്റ് ചെയര്‍മാന്‍ വക്കച്ചന്‍, അമ്പലത്തറ എസ്.ഐ പ്രശാന്ത് എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് സ്വദേശമായ ബംബ്രാണയിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. അബ്ദുള്ളയുടെ മരണവുമായി ബന്ധപ്പെട്ട് ചിലസംഘടനകള്‍ സോഷ്യല്‍ മീഡിയ വഴി ദുഷ്പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ആവര്‍ത്തിച്ചാല്‍ നടപടി എടുക്കുമെന്നും എസ്.ഐ അറിയിച്ചു.

Post a Comment

0 Comments