ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ്: പൊടിയില്‍ വലഞ്ഞ് ജനം


നീലേശ്വരം: കോണ്‍വെന്റ് ജംഗ്ഷന്‍ ഇടത്തോട് റോഡ് മെക്കാഡം ടാറിംഗിനായി കിളച്ചിട്ടിട്ട് ആറുമാസം. സ്‌കൂള്‍ കുട്ടികളടക്കമുള്ള യാത്രക്കാരും പരിസരവാസികളും പൊടിശല്യത്തില്‍ ദുരിതമനുഭവിക്കുന്നു.
കൂവാറ്റി ഭാഗങ്ങളില്‍ റോഡിന്റെ കയറ്റവും വീതിയും കൂട്ടുന്നതിനാല്‍ ഒരു ഭാഗത്തുണ്ടായ വൈദ്യുതി തൂണുകള്‍ ഇപ്പോള്‍ റോഡിന്റെ നടുഭാഗത്തായിരിക്കുകയാണ്. ഇതോടെ ഈ ഭാഗങ്ങളില്‍ അപകടവും പതിവായി.
പാലാത്തടം വളവുമുതല്‍ ഇടിചൂടിതട്ടുവരെ റോഡ് കിളച്ചിട്ടതിനാല്‍ പാലാത്തടം ക്യാമ്പസിലെ വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലില്‍ പൊടി അഭിഷേകമാണ്. പൊടിശല്യത്തില്‍ നിന്ന് രക്ഷനേടാന്‍ താല്‍ക്കാലിക സംവിധാനമെന്നോണം ടാര്‍പായ കെട്ടിയിട്ടുണ്ടെങ്കിലും പൊടിശല്യത്തിന് കുറവൊന്നുമില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കയാണ്. ഉച്ചസമയങ്ങളിലാണ് പൊടി ശല്യം ഏറെ രൂക്ഷമാകുന്നത്.
റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി പുത്തരിയടുക്കം, ഇടിചൂടി, ചായ്യോത്ത് എന്നിവിടങ്ങളില്‍ കള്‍വര്‍ട്ട് പണിയുന്നുണ്ടെങ്കിലും ഇവിടെയും പണി ഇഴഞ്ഞുനീങ്ങുകയാണ്. ഇടയ്ക്കിടെ വെള്ളം തളിക്കുകയെങ്കിലും ചെയ്താല്‍ പൊടിശല്യത്തിന് തെല്ലൊരാശ്വാസമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നു.
റോഡ് പൊട്ടിപ്പൊളിച്ച ഭാഗങ്ങളില്‍ പണി തീര്‍ക്കാന്‍ കരാറുകാരനോട് പറഞ്ഞിട്ടുണ്ട്. കരാറുകാരന്റെ അനാസ്ഥയാണ് പണി നീണ്ടുപോകാന്‍ കാരണം.

Post a Comment

0 Comments