കരിന്തളം: വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് തെറ്റായ മറുപടി നല്കിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിക്ക് സാധ്യത.
കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജാണ് വിവരാവകാശ ചോദ്യത്തിന് തെറ്റായ മറുപടി നല്കി സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയത്. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര വീടുകള്‍ നല്‍കിയെന്ന കിനാനൂര്‍-കരിന്തളം കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന് വേളൂരിന്റെ ചോദ്യത്തിന് 56 വീടുകള്‍ നല്‍കിയെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. എന്നാല്‍ ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചതിന്റെ ബഹുമതി കിനാനൂര്‍-കരിന്തളം പഞ്ചായത്തിനായിരുന്നു. രണ്ട് ഘട്ടങ്ങളിലായി 274 വീടുകളാണ് പഞ്ചായത്ത് നിര്‍മ്മിച്ചത്. എന്നാല്‍ സെക്രട്ടറി രണ്ടാംഘട്ട പദ്ധതിയിലെ വീടുകളുടെ എണ്ണം മാത്രമാണ് നല്‍കിയത്. ഈ മറുപടിയുടെ പകര്‍പ്പ് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പെടെ പരിഹസിച്ചുകൊണ്ട് നവമാധ്യമങ്ങളില്‍ വന്‍ പ്രചരണമാണ് നടക്കുന്നത്. ഇതോടെ സെക്രട്ടറിയുടെ നടപടിക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു. തെറ്റായ മറുപടി നല്‍കിയതിന് പഞ്ചായത്ത് സെക്രട്ടറിയോട് പഞ്ചായത്ത് പ്രസിഡണ്ട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയുടെ നടപടി സര്‍ക്കാരും ഗൗരവത്തിലാണ് എടുത്തിട്ടുള്ളത്. എന്നാല്‍ ഗ്രാമസേവകന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചോദ്യത്തിന് മറുപടി നല്‍കിയതെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.
വിവരാവകാശ രേഖക്ക് മറുപടി നല്കുന്നതില് സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതരമായ വീഴ്ച പഞ്ചായത്ത് ഭരണസമിതിയുടെ സത്പ്പേരിന് കളങ്കമുണ്ടാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല പറഞ്ഞു. ഭരണസമിതിയിലെ മറ്റ് അംഗങ്ങളും ഇതേ അഭിപ്രായക്കാരാണ്.
0 Comments