മലയോരത്തെ നേതാവിന്റെ 'ശശിരോഗം'; ലോക്കല്‍ കമ്മറ്റി ചര്‍ച്ചചെയ്തില്ല


നീലേശ്വരം: പാര്‍ട്ടി നീലേശ്വരം ഏരിയാകമ്മറ്റിക്ക് കീഴിലെ മലയോരത്തെ ലോക്കല്‍ കമ്മറ്റി അംഗത്തിനെതിരെ സ്വന്തം ഭാര്യതന്നെ ഉന്നയിച്ച 'ശശിരോഗ' വിവാദം ഇന്നലെ നടന്ന ലോക്കല്‍ കമ്മറ്റിയോഗത്തില്‍ ചര്‍ച്ചയായില്ല. നേതാവിനെ രക്ഷിക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതെന്ന അണികളുടെ ആരോപണം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. ലോക്കല്‍ നേതാവിന്റെ പരസ്ത്രീബന്ധം ഭാര്യതന്നെയാണ് കയ്യോടെ പിടികൂടിയത്. നേതാവും വിവാഹിതയായ യുവതിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഭാര്യ മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് രണ്ടാമത് വിവാദം ഉയര്‍ന്നത്. ആദ്യം മറ്റൊരുസ്ത്രീയുമായുള്ള ബന്ധം ഭാര്യ കണ്ടുപിടിക്കുകയും ഭര്‍ത്താവോട് പിണങ്ങി മകളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. ഇതേതുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഇരുവരെയും വിളിച്ച് ചര്‍ച്ച നടത്തി. ഏരിയാസെക്രട്ടറിയുടെയും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നടത്തിയത്. ഒടുവില്‍ തനിക്ക് തെറ്റ് മനസ്സിലായെന്നും വഴിവിട്ട ബന്ധം അവസാനിപ്പിച്ച് ഉത്തമ കുടുംബനാഥനായി കഴിയുമെന്നും നേതാവ് സമ്മതിച്ചതോടെ ഭാര്യ പിണക്കം മറന്ന് ഭര്‍തൃവീട്ടിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. എന്നാല്‍ അധികം കഴിയും മുമ്പേയാണ് രണ്ടാമത്തെ വിവാദവും ഉയര്‍ന്നുവന്നത്.
ഇത്തവണ മറ്റൊരു യുവതിയുടെ ഫോട്ടോയായിരുന്നു ഭര്‍ത്താവിന്റെ ഫോണില്‍നിന്നും ഭാര്യക്ക് കിട്ടിയത്. ഇനി തിരിച്ചുവരില്ലെന്നും പാര്‍ട്ടിക്ക് ഇനിയൊരു പരാതി നല്‍കില്ലെന്നും ഉറപ്പിച്ചാണ് യുവതി ഇപ്പോള്‍ പിണങ്ങിപ്പോയത്. എന്നാല്‍ സംഭവം പാര്‍ട്ടി അണികളില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവം വിവാദമായതോടെ പാര്‍ട്ടി നേതൃത്വം നേതാവിന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്ത് നടപടിയെടുക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ നടന്ന ലോക്കല്‍കമ്മറ്റി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ പോലും തയ്യാറാവാതെ നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം കൈക്കൊണ്ടതെന്ന് അണികള്‍ ആരോപിക്കുന്നു.

Post a Comment

0 Comments