കാര്‍ കത്തിച്ചത് ജീവനക്കാരിയെ ശല്യം ചെയ്തതിന് സസ്‌പെന്‍ഷനിലായ എസ്.ഐയെന്ന് സംശയം


കാസര്‍കോട്: ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് ജീവനക്കാരിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യംചെയ്യുകയും പരസ്യമായി അവഹേളിക്കുകയും ചെയ്ത് സസ്‌പെന്‍ഷനിലായ എസ്.ഐക്ക് തീവയ്പ്പ് കേസിലും പങ്കുണ്ടോയെന്ന സംശയമുയര്‍ന്നു. ജീവനക്കാരിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി കാര്‍ ഒരു മാസം മുമ്പ് തീവച്ച് നശിപ്പിച്ചിരുന്നു. ജീവനക്കാരിയും ഭര്‍ത്താവും ഉപയോഗിച്ചു വന്നിരുന്ന പഴയ കാറാണ് അര്‍ദ്ധരാത്രി കത്തിച്ചത്. ഈ സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതേവരെ കാര്‍ കത്തിച്ചയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഞങ്ങള്‍ക്ക് ആരോടും വിരോധം ഇല്ലെന്നാണ് ജില്ലാ പോലീസ് മേധാവി ഓഫീസിലെ ജീവനക്കാരി പറഞ്ഞത്. ജീവനക്കാരിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത സംഭവം ഉണ്ടായതോടെ തീവയ്പ്പിന് പിന്നിലും ഇയാള്‍ തന്നെയെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ മതിയായ തെളിവുകളില്ലെന്ന് ജില്ലാ പോലീസ് മേധാവി പി.എസ് സാബു പറഞ്ഞു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ജീവനക്കാരിയെ അപമാനിച്ച കേസില്‍ കാസര്‍കോട് ടെലി കമ്മ്യൂണിക്കേഷന്‍ കാഞ്ഞങ്ങാട് സബ് യൂണിറ്റ് എസ്.ഐ എം. മനേഷിനെയാണ് സംസ്ഥാന ക്രൈം റെക്കാഡ്‌സ് ബ്യൂറോ എ.ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം എസ്.സി.ആര്‍.ബി ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
മാര്‍ച്ച് 13 ന് വൈകീട്ട് ജോലി കഴിഞ്ഞ് സ്വന്തം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജീവനക്കാരിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ എസ്.ഐ അപമാനിച്ചതായാണ് പരാതി.

Post a Comment

0 Comments