ഒടയംചാല്‍: നടന്നുപോകാന്‍ നല്ലൊരുവഴിയോ കുടിക്കാന്‍ വെള്ളമോ ഇല്ലാതെ സഹികെട്ട് കഴിയുകയാണ് അമ്പതോളം ആദിവാസി കുടുംബങ്ങള്‍.
കോടോം -ബേളൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍പെട്ട പെരളം വെങ്ങച്ചേരിയിലെ 50 ഓളം കുടുംബങ്ങള്‍ക്കാണ് ഈ ദുര്‍ഗതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും വക കിണര്‍ കുഴിച്ചിരുന്നുവെങ്കിലും വേനല്‍ കനത്താല്‍ കിണര്‍ വറ്റി വരളും. ഈ മാര്‍ച്ച് മാസത്തില്‍ തന്നെ കിണറില്‍ വെള്ളം വറ്റി തുടങ്ങി.
കുടിവെള്ള ക്ഷാമം നേരിടുന്നകാര്യം കോളനി നിവാസികള്‍ ഊരുകൂട്ടം മുഖേന പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ കോളനി നിവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് പറയുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഓടിയെത്തും. ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞുപോകുന്നതല്ലാ തെ പിന്നീട് തിരിഞ്ഞുനോക്കാറില്ലെന്നും ഊരുമൂപ്പന് വി. ചന്ദ്രന് പറഞ്ഞു. നിലവിലുള്ള കിണര്‍ തന്നെ ആഴം കൂട്ടി വൃത്തിയാക്കിയാല്‍ വേണ്ടുവോളം വെള്ളം ലഭിക്കുമെന്ന് കോളനി നിവാസികള്‍ പറയുന്നു. കുടിവെള്ള ക്ഷാമം സംബന്ധിച്ച് ട്രൈബല്‍ വകുപ്പിന് പരാതി നല്‍കിയെങ്കിലും അതിനും മറുപടിയൊന്നും ലഭിക്കുകയുണ്ടായില്ല.
കുടിവെള്ള ക്ഷാമത്തിന് പുറമെ കാല്‍നൂറ്റാണ്ട് മുമ്പ് പണിത റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. 3 കിലോമീറ്ററോളം ദൂരം വരുന്ന വെങ്ങച്ചേരി കറുവളപ്പ് റോഡ് മടിക്കൈ പഞ്ചായത്തിനെയും കോടോം-ബേളൂര്‍ പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഇതുവഴി കാഞ്ഞങ്ങാട്ടേക്കും നീലേശ്വരത്തേക്കും എളുപ്പത്തില്‍ കോളനി നിവാസികള്‍ക്ക് എത്താന്‍ കഴിയും. കല്ലിളകിയും പൊടി നിറഞ്ഞും കിടക്കുന്ന ഈ റോഡിലൂടെ കാല്‍നടപോലും ഇപ്പോള്‍ സാധിക്കുന്നില്ല. ഏഴാംമൈല്‍ ചുറ്റിത്തിരിഞ്ഞാണ് ഇവര്‍ പ്രധാന നഗരങ്ങളില്‍ എത്തുന്നത്.
ഇപ്പോഴുള്ള പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ ഈ വര്‍ഷവും റോഡ് അറ്റകുറ്റപ്പണി ചെയ്യുകയോ, കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയോ ചെയ്തില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് കോളനി നിവാസികള്‍ പറയുന്നത്.
0 Comments