ചെറുപുഴ: ചെറുപുഴ-ആലക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദവുമായ മുതുവം-പരുത്തിക്കല്ല്-നെടുവോട്-കുട്ടാപറമ്പ് റോഡ് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധയിലോ സമാനമായ മറ്റ് പദ്ധതികളിലോ ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഇതിനായി ചെറുപുഴ പഞ്ചായത്തിലെ മുതുവത്ത് നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
നിലവില്‍ ചെറുപുഴ പഞ്ചായത്തിലെ തിരുമേനി മുതുവം വരെ 12 മീറ്റര്‍ വീതിയില്‍ റോഡിന്റെ മെക്കാഡം ടാറിംഗ് പ്രവൃത്തി പുരോഗമിക്കുകയാണ്. മുതുവം വരെ മെക്കാഡം റോഡ് പണിപൂര്ത്തിയായാലും വലിയ പ്രയോജനമുണ്ടാകില്ല. എന്നാല്‍ ഇവിടെ നിന്നും പരിത്തിക്കല്ല് വരെ രണ്ട് കിലോമീറ്റര്‍ ദൂരം നിലവില്‍ ടാറിംഗ് റോഡുണ്ട്. പരുത്തിക്കല്ലില് നിന്നും ആലക്കോട് പഞ്ചായത്തിലെ നെടുവോട് വരെ മൂന്ന് കിലോ മീറ്റര്‍ ജീപ്പ് റോഡുമുണ്ട്. ഇതും പഞ്ചായത്ത് റോഡാണ്. നെടുവോടുനിന്നും ഒരു കിലോമീറ്റര്‍ ദൂരമാണ് കുട്ടാപറമ്പിലേക്ക്. പരമാവധി ഏഴുകിലോമീറ്റര്‍ റോഡാണ് പുനര്‍നിര്‍മ്മിക്കേണ്ടത്.
കുട്ടാപറമ്പ് പുഴയ്ക്ക് പാലവും നിര്‍മ്മിക്കണം. റോഡ് യാഥാര്‍ഥ്യമായാല്‍ ആലക്കോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗങ്ങളിലേയ്ക്ക് 20 കിലോ മീറ്റര്‍ ദൂരം കുറയും. ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ആളുകള്‍ക്ക് മാമ്പൊയില്‍, കാര്‍ത്തികപുരം, ചീര്‍ക്കാട്, മണക്കടവ്, തളിപ്പറമ്പ്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് എളുപ്പത്തില്‍ ഇതുവഴി യാത്ര ചെയ്യാന്‍ കഴിയും.
ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാല്‍ നിരവധി കര്‍ഷകര്‍ ഫലഭൂയീഷ്ഠമായ കൃഷിയിടങ്ങള്‍ ഉപേക്ഷിച്ച് മാറിത്താമസിക്കുകയാണ്. റോഡ് യാഥാര്‍ഥ്യമായാല്‍ മുതുവം, പരിത്തിക്കല്ല്, നെടുവോട്, കുട്ടാപറമ്പ് തുടങ്ങിയ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് കാരണമാകും. ചെറുപുഴ പഞ്ചായത്തിലെ മുതുവത്ത് ചേര്‍ന്ന ജനകീയ കമ്മിറ്റി ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്തിനെ ചെര്‍മാനായും, രാജു ഉറുമ്പുകാട്ടിലിനെ കണ്‍വീനറായും തെരഞ്ഞെടുത്തു. സമാനമായ രീതിയില്‍ ആലക്കോട് പഞ്ചായത്തിലെ നെടുവോടും ജനകീയ കമ്മിറ്റി രൂപീകരിച്ച് റോഡിനായി യോജിച്ച പ്രവര്‍ത്തനം നടത്തുവാനാണ് തീരുമാനം.
ഇതിനായി ആലക്കോട് പഞ്ചായത്തംഗങ്ങളായ ഫ്രാന്‍സീസ് മ്രാലയില്‍, എം.ആര്. ബിന്ദു, മുതുവം ജനകീയ കമ്മിയംഗങ്ങളായ തോമസ് നടുതൊട്ടിയില്‍, ഷാജി ഗണപതിപ്ലാക്കല്‍, ബേബി മനയത്ത്മാരിയില് എന്നിവര്‍ ചേര്‍ന്ന് ആലക്കോട് പഞ്ചായത്ത് പ്രസിഡന്റിനെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. കണ്ണൂര്‍-കാസര്‍കോട് എംപിമാര്‍, പയ്യന്നൂര്‍ ഇരിക്കൂര്‍ എംഎല്‍എമാര്‍, ചെറുപുഴ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ മുന്‍കൈ എടുത്താല്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ ഏതെങ്കിലും പദ്ധതികളിലുള്‍പ്പെടുത്തി റോഡ് നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
0 Comments