ബിഗ്‌ബോസ് സ്വീകരണം: ഡോ.രജിത്ത് അറസ്‌ററില്‍


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറി ബിഗ്‌ബോസ് മത്സരാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയ കേസില്‍ റിയാലിറ്റി ഷോ മത്സരാര്‍ത്ഥി ഡോ.രജിത്ത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെ ആറ്റിങ്ങലിലെ വീട്ടില്‍നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം 13 പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളിലുള്ള മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.
പെരുമ്പാവൂര്‍ ചേലാമറ്റം പീച്ചാട്ടുകുന്നേല്‍ പി.എ നിബാസ് (25), ചേലാമറ്റം കല്ലേത്തറ മുഹമ്മദ് അഫ്‌സല്‍ (21) എന്നിവര്‍ ആദ്യം അറസ്റ്റിലായിരുന്നു. സ്വീകരണത്തിന് ആളെ കൂട്ടിയത് ഇവരാണെന്ന് പോലീസ് പറഞ്ഞു. ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്ന ഡോ. രജിത് കുമാര്‍, ചേലാമറ്റം സ്വദേശി ഷിയാസ് കരീം, പരീക്കുട്ടി, ഇബാസ് റഹ്മാന്‍ എന്നിവരടക്കം 79 പേര്‍ക്കെതിരെയാണ് കേസ്. രജിത്ത് കുമാര്‍ തന്നെയാണ് തന്റെ വിദ്യാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് സ്വീകരണം ഒരുക്കാന്‍ ആവശ്യപ്പെട്ടത്.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് രജിതിനെ സ്വീകരിക്കാന് വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന് ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പോലീസ് തുടരുകയാണ്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സുനില് കുമാര്‍ വ്യക്തമാക്കി.
നിയമവിരുദ്ധമായ സംഘംചേരല്‍, കലാപശ്രമം, സര്‍ക്കാര്‍ ഉത്തരവ് ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി ജനങ്ങള്‍ക്ക് അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് കേസ്. വിമാനത്താവളത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവര്‍ ലംഘിച്ചു.
സ്വീകരണത്തിന് ശേഷം ആലുവയിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച ഡോ. രജിത്ത് കുമാര്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയാണ് ചെയ്തത്.

Post a Comment

0 Comments