കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം


കോഴിക്കോട്: കോറോണ ഭീതി രാജ്യത്ത് പടരുന്നതിനിടെ കേരളത്തെ ആശങ്കയിലാക്കി വീണ്ടും പക്ഷിപ്പനി. കോഴിക്കോട് രണ്ട് കോഴി ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യ വകുപ്പ് അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
2016 ലാണ് സംസ്ഥാനത്ത് ഇതിനുമുമ്പ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കുട്ടനാട് ഭാഗത്തെ താറാവുകള്‍ക്കായിരുന്നു അന്ന് രോഗം ബാധിച്ചത്. ഇപ്പോള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചവയില്‍ ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്‌സറിയുമാണ്. മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു.
ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തല്‍. അതിജാഗ്രതാ നിര്‍ദേശം നല്‍കിയതിനൊപ്പം സംസ്ഥാനത്ത് ഉടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു.
വ്യാഴാഴ്ചയാണ് രണ്ട് ഫാമുകളിലെയും കോഴികള്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്ന സംശയം ഉയരുന്നത്. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലെ പരിശോധനയില്‍ പക്ഷിപ്പനി സംശയം ബലപ്പെട്ടിട്ടുണ്ട്.
തുടര്‍ന്ന് ഇന്നലെ സാമ്പിളുകള്‍ വിമാനമാര്‍ഗം ഭോപ്പാലിലെ ലബോറട്ടറിയില്‍ പരിശോധിച്ച് പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
ഉടന്‍ റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് അതിജാഗ്രതാനിര്‍ദ്ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച രണ്ട് ഫാമുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ന് വിദഗ്ധസംഘം പരിശോധന നടത്തും.

Post a Comment

0 Comments