നിര്‍ഭയക്ക് നീതി; നാല് പ്രതികളെയും തൂക്കിക്കൊന്നു


ന്യൂഡല്‍ഹി: പെണ്‍മക്കളുള്ള ഓരോ അമ്മയും കാത്തിരുന്ന വിധി നടപ്പിലായി. ഡല്‍ഹി നിര്‍ഭയ കേസിലെ നാലു പ്രതികളെയും പരമോന്നത നീതി പീഠം മരണംവരെ തൂക്കിലേറ്റി. മുന്‍ നിശ്ചയിച്ചിരുന്ന പ്രകാരം ഇന്ന് പുലര്‍ച്ചെ 5.30നാണ് പ്രതികളായ മുകേഷ് സിംഗ് (32), അക്ഷയ് താക്കൂര്‍ (31), പവന്‍ ഗുപ്ത(25), വിനയ് ശര്‍മ്മ (26) എന്നിവരുടെ വധശിക്ഷ നടപ്പിലായത്. തീഹാറിലെ ഫന്‍സി കോടയില്‍ (തൂക്കുമരം അഥവാ കൊലമരം) പ്രത്യേകം തയ്യാറാക്കപ്പെട്ട തൂക്കുകയറുകളില്‍ ഒരേസമയം തന്നെയാണ് നാലുകുറ്റവാളികളെയും തൂക്കിലേറ്റിയത്. ഉത്തരപ്രദേശിലെ മീററ്റ് ജില്ലയിലുള്ള പവന്‍ ജല്ലാദ് എന്ന ആരാച്ചാറാണ് നീതി നടപ്പാക്കിയത്. ആദ്യമായാണ് നാലുപേരുടെ വധശിക്ഷ ഒരുമിച്ച് തിഹാറില്‍ നടക്കുന്നത്. 2013ല്‍ നടപ്പിലാക്കിയ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയായിരുന്നു ഏറ്റവുമൊടുവിലേത്. കോടതി നടപടികള്‍ അവസാനിച്ചത് പുലര്‍ച്ചെ 3.30 ന്.
അവസാന നിമിഷം വരെ ജീവന്‍ നിലനിര്‍ത്തി കിട്ടാനുള്ള തീവ്ര പരിശ്രമം നടത്തിയാണ് രാജ്യ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷക്ക് വഴങ്ങിയത്. ദില്ലി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമായി അഭിഭാഷകര്‍ നടത്തിയ നാടകീയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ തിഹാര്‍ ജയിലില്‍ പ്രതികളെ വധശിക്ഷക്ക് വിധേയരാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. ഇതിന് മുന്നോടിയായി ജയിലിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചു. ഉദ്യോഗസ്ഥര്‍ അവസാനവട്ട യോഗം ചേര്‍ന്നു. ആരാച്ചാരെത്തി വധിശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. അവസാന വാദവും പൂര്‍ത്തിയായി സുപ്രീംകോടതി ഹര്‍ജി തള്ളി രണ്ട് മണിക്കൂറിനകം തന്നെ തിഹാര്‍ ജയിലില്‍ വധശിക്ഷ പൂര്‍ത്തിയാക്കി.
അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരുടെ അടുത്തേക്ക് കൃത്യം നാല് മണിക്ക് തന്നെ ജയില്‍ ഉദ്യോഗസ്ഥര്‍ എത്തി. പ്രതികളോട് കുളിക്കാന്‍ ആവശ്യപ്പെട്ടു. മതഗ്രന്ഥം വായിക്കാനോ ഇഷ്ടഭക്ഷണം അടങ്ങിയ പ്രാതല്‍ കഴിക്കാനോ പ്രതികള്‍ കൂട്ടാക്കിയില്ല.
നാലരയോടെ വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കി. കറുത്ത പരുത്തി തുണികൊണ്ട് മുഖം മറച്ച് കൈകള്‍ പുറകില്‍ കെട്ടിയാണ് പ്രതികളെ എക്‌സിക്യൂഷന്‍ ചേംബറിലേക്ക് എത്തിച്ചത്. ശിക്ഷ നടപ്പാക്കി അരമണിക്കൂറോളം മൃതദേഹങ്ങള്‍ കഴുമരത്തില്‍ തന്നെ വച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കുടുംബാംഗങ്ങളെ കാണണമെന്ന ആഗ്രഹം പ്രതികള്‍ പ്രകടിപ്പിച്ചിരുന്നു. ജയിലിന് പുറത്ത് അവര്‍ കാത്ത് നിന്നെങ്കിലും ചട്ടം അനുവദിക്കാത്തതിനാല്‍ അവസാന കൂടിക്കാഴ്ച നടന്നില്ല. അവസാനമായി കാണാന്‍ അനുവദിക്കണമെന്ന് പ്രതികളുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ജയില്‍ ചട്ടമനുസരിച്ച് ഉചിതമായ തീരുമാനം എടുക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ജയില്‍ മാന്വല്‍ ഇത് അനുവദിക്കുന്നില്ലെന്നായിരുന്നു തിഹാര്‍ ജയില്‍ അധികൃതര്‍ നിലപാടെടുത്തത്.

Post a Comment

0 Comments