തിരക്കൊഴിവാക്കാന്‍ മദ്യശാലയില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും


കോഴിക്കോട്: കൊറോണയുടെ പശ്ചാത്തലത്തില്‍ ബിവറേജസ് ഷോപ്പുകളില്‍ തിരക്ക് കൂടുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബിവറേജസില്‍ ആളുകള്‍ കൂടുതലായി വരുന്നതിന്റെ പേരില്‍ ഒരുപ്രശ്‌നവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവറേജസ് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച് വിമര്‍ശനങ്ങളും ശക്തമാണ്. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് മന്ത്രി അറിയിച്ചത്.
നിലവില്‍ ഒരു ബിവറേജസ് ഷോപ്പ് പോലും അടച്ചിടേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ ക്രമീകരണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments