ചെറുവത്തൂരില്‍ ട്രാഫിക് നിയന്ത്രണത്തിന് നാഥനില്ല


ചെറുവത്തൂര്‍: ചെറുവത്തൂര്‍ ദേശീയപാത ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തത് ഗതാഗത തടസമുണ്ടാക്കുന്നു.
ഏതുനേരവും വാഹന തിരക്കനുഭവപ്പെടുന്ന ഭാഗമാണിത്. ദേശീയപാത വഴി കൂറ്റന്‍ ട്രക്കുകളും ലോറികളും ലൈന്‍ ബസുകളും കടന്നുപോകുന്ന ഈ റോഡില്‍ റെയില്‍വേ സ്റ്റേഷന്‍, പടന്ന, മടക്കര എന്നിവിടങ്ങളില്‍ നിന്നുള്ള ഇടറോഡ് കൂടിച്ചേരുന്നത് നിയന്ത്രിക്കാന്‍ സ്ഥിരം സംവിധാനമില്ലാത്തതാണ് പലപ്പോഴും അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് നിസാര പരിക്കേറ്റിരുന്നു. തൊട്ടടുത്തുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് ബസ് സ്റ്റോപ്പില്‍ നിന്ന് നീലേശ്വരം ഭാഗത്തേക്ക് പോകുന്ന ബസുകളും ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ബസുകളും ഈ ജംഗ്ഷനെ ആശ്രയിച്ചാണ് സര്‍വീസ് നടത്തുന്നത്. തൊട്ടടുത്തുളള രണ്ട് ഓട്ടോസ്റ്റാന്‍ഡുകളും സജീവമാണ്.
സദാസമയവും ജനത്തിരക്കേറിയ പാതയുമാണിത്. ഒരു ഹോം ഗാര്‍ഡിന്റെ താത്കാലിക സേവനം ഉണ്ടാകാറുണ്ടെങ്കിലും വാഹനങ്ങള്‍ പരസ്പരം ഉരസുന്നതും ഡ്രൈവര്‍മാര്‍ തമ്മിലുള്ള കശപിശയും ഉണ്ടാകാറുണ്ട്. ഒരു ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കുകയോ ആട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം ഒരുക്കുകയോ വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments