ദില്ലി: നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റാന്‍ ഇനിയൊരു പകല്‍ മാത്രം ബാക്കി. വധശിക്ഷ മാറ്റിവയ്ക്കാനുള്ള പ്രതികളുടെ അവസാനവട്ട ശ്രമങ്ങള്‍ സജീവമാണ്. മരണവാറണ്ട് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് വിചാരണകോടതിയില്‍ നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും.
മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലര്‍ച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ സജ്ജമായിക്കഴിഞ്ഞു. നാല് കുറ്റവാളികളുടെയും ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകള്‍ കോടതിക്ക് മുമ്പില്‍ എത്തിയിരിക്കുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് അക്ഷയ് സിംഗിന്റെ ഭാര്യ ഔറംഗാബാദ് കോടതിയെ സമീപിച്ചതും കുറ്റവാളികളുടെ അഭിഭാഷകന് ആയുധമാക്കുന്നു.
ബലാത്സംഗ കേസിലെ കുറ്റവാളിയുടെ വിധവയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. തിഹാര്‍ ജയില്‍ അധികൃതര്‍ക്കും ദില്ലി സര്‍ക്കാരിനും നോട്ടീസ് അയച്ച കോടതി ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. വധശിക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ നാടകീയ നീക്കങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നല്കിയ ഹര്‍ജികള്‍ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് മുകേഷ് സിംഗ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. നിലവിലുള്ള എല്ലാ ഹര്‍ജികളും തള്ളിയാല്‍ പുതിയ ഹര്‍ജികള്‍ വീണ്ടും സമര്‍പ്പിച്ചേക്കാം.
നിയമത്തിന്റെ മുഴുവന്‍ സാധ്യതകളും പരീക്ഷിച്ച കുറ്റവാളികള്‍ ശ്രമം തുടര്‍ന്നാല്‍ സുപ്രീംകോടതിയും ഹൈക്കോടതിയും അര്‍ദ്ധരാത്രിയിലും ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ കൂടിയേക്കും. നാല് പേര്‍ക്കുമുള്ള തൂക്കുകയര്‍ തയ്യാറാക്കി ആരാച്ചാര്‍ പവന് കുമാര്‍ രണ്ട് ദിവസമായി തിഹാര്‍ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും വിജയകരമായി നടന്നു. സി.സി.ടി.വി ക്യാമറയിലൂടെ നാല് പേരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൗണ്‍സിലിങ്ങും നല്‍കിയിരുന്നു. ബന്ധുക്കളെ കാണാനും അവസരം നല്കി. നാലുപേരെ തൂക്കിലേറ്റിയാല്‍ ആരാച്ചാര്‍ പവന്കുമാറിന് ഒരുലക്ഷം രൂപ പ്രതിഫലം ലഭിക്കും. മകളുടെ കല്യാണം ഈ തുക ഉപയോഗിച്ച് നടത്താനാണ് പവന്‍കുമാറിന്റെ തീരുമാനം. വിവാഹം ഉറപ്പിച്ചു.
0 Comments