ബേക്കല്‍ ബീച്ച് പാര്‍ക്ക് റോഡ് നവീകരിക്കണം


ബേക്കല്‍: 2 കിലോമീറ്റര്‍ വരുന്ന ബി ആര്‍ ഡി സി യുടെ അധീനതയിലുള്ള ബേക്കല്‍ ബീച്ച് പാര്‍ക്ക് റോഡ് പിഡ്ബ്ല്യൂഡിക്ക് വിട്ട് കൊടുത്ത് സൈക്കിള്‍ ട്രാക്കോട് കൂടി നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് ബോഡി യോഗം ബി.ആര്‍.ഡി.സി യോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
ബി.ആര്‍.ഡി.സി.യുടെ ബീച്ച് പാര്‍ക്ക്, റെഡ് മൂണ്‍ ബീച്ച് തുടങ്ങിയ പാര്‍ക്കിന് വേണ്ടി സ്ഥാപിച്ച ടിക്കറ്റ് കൗണ്ടര്‍ ഈ റോഡിന്റെ സൈഡിലാണുള്ളത്. ഇരു പാര്‍ക്കുകളിലേക്കും വ്യത്യസ്ഥ കൗണ്ടര്‍ സ്ഥാപിച്ച് പാര്‍ക്കിനകത്തെ ഈ റോഡ് അടക്കം പിഡ്ബ്ല്യൂിക്ക് വിട്ട് കൊടുത്താല്‍ ഈ റോഡ് പൊതുവഴിയായി വികസിക്കുകയുള്ളൂ. ബി.ആര്‍.ഡി.സി റോഡ് കൈയ്യടക്കി വച്ചതിനാല്‍ നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട് ബേക്കല്‍ തീരദേശ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ട്. നിലവില്‍ ഒരു പാര്‍ക്ക് സന്ദര്‍ശിക്കുന്നവരോട് രണ്ട് പാര്‍ക്കിന്റെ ഫീസ് വാങ്ങുന്നതും, പാര്‍ക്കിംഗ് ചെയ്യാതെ സന്ദര്‍ശകരെ പാര്‍ക്കിലേക്ക് വിടാന്‍ വരുന്നവരോടും, കെടിഡിസി ബീച്ച് കാമ്പിലേക്ക് വരുന്നവരോടും പ്രവേശന ഫീസും, പാര്‍ക്കിംഗ് ഫീസും വാങ്ങുന്നത് ദിനേന പ്രതിഷേധത്തിനിടയാക്കുന്നു.
യോഗത്തില്‍ ചെയര്‍മാന്‍ അഷ്‌റഫ് എം ബി എം അധ്യക്ഷം വഹിച്ചു. വൈസ് ചെയര്‍മാന്‍ മണി മാധവന്‍ നമ്പ്യാര്‍ സ്വാഗതവും ട്രഷറര്‍ ഫാറൂക്ക് കാസ്മി നന്ദിയും പറഞ്ഞു.

Post a Comment

0 Comments