പക്ഷിപ്പനി, കോവിഡ് ഭീതി; കോഴിവില വീണ്ടും താഴേക്ക്


കാഞ്ഞങ്ങാട്: രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 82 രൂപയായിരുന്ന ഇറച്ചിക്കോഴി വില കൂപ്പുകുത്തി. ഇപ്പോള്‍ 50 രൂപയില്‍ എത്തിനില്‍ക്കുന്നു.
സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് ഇറച്ചിക്കോഴി വിപണി ഇടിഞ്ഞത്. കോവിഡും പക്ഷിപ്പനിയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണമാണ് ഇറച്ചികോഴിയുടെ വില കുത്തനെ ഇടിയാന്‍ കാരണം. ഇതോടെ ചിലയിടങ്ങളില്‍ 45 രൂപയ്ക്കു വരെ ഇറച്ചിക്കോഴി വില്‍ക്കുന്നുണ്ട്. കൂടുതലെടുത്താല്‍ 100 രൂപയ്ക്കു മൂന്നു കിലോയെന്ന ഓഫര്‍ നല്‍കുന്ന വ്യാപാരികളുമുണ്ട്.
വില കുറഞ്ഞിട്ടും ഓഫറുകള്‍ നല്‍കിയിട്ടും വില്‍പ്പനയില്‍ കാര്യമായ വര്‍ധനയില്ല. തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ വന്‍ തോതില്‍ ഇറച്ചിക്കോഴികള്‍ വന്നു തുടങ്ങിയതോടെ വില കുത്തനെ ഇടിഞ്ഞത്. കോഴിയിറച്ചി കഴിച്ചാല്‍ കോവിഡ് വൈറസ് ബാധ പകരുമെന്ന തമിഴ്‌നാട്ടിലെ വ്യാജപ്രചാരണമാണു വില കുത്തനെ ഇടിയാന്‍ പ്രധാന കാരണമായത്. മലബാര്‍ മേഖലയില്‍ സ്ഥിരീകരിച്ച പക്ഷിപ്പനിയും വിലയിടിവിലേക്ക് നയിച്ചു.
ഇറച്ചിക്കോഴിയുടെ മൊത്തവില 20 രൂപയായി താഴ്ന്നിരിക്കുകയാണെന്നു വ്യാപാരികള്‍ പറയുന്നു. ഫാമുകളില്‍ ഉല്‍പാദിപ്പിച്ചുവില്‍ക്കുന്ന ഇറച്ചിക്കോഴി വിറ്റഴിക്കുന്നതും 20 രൂപയ്ക്കാണ്. കുഞ്ഞിന്റെ വില, തീറ്റവില ഉള്‍പ്പെടെ ഒരു കിലോ കോഴിയിറച്ചി ഉല്‍പ്പാദിപ്പിക്കാന്‍ 85 രൂപ വരെ ചെലവുവരുമെന്നു കര്‍ഷകര്‍ പറയുന്നു. നിലവിലെ അവസ്ഥയില്‍ കോഴിക്കു തീറ്റ കൊടുക്കാന്‍ പോലും നിര്‍വാഹമില്ലാത്ത അവസ്ഥയിലാണു കര്‍ഷകര്‍. വില്‍പ്പന കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ പല യൂണിറ്റുകളിലും ഇറച്ചിക്കോഴി വളര്‍ത്തല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എങ്ങനെയും ഫാമുകളില്‍ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി പൂര്‍ണ വളര്‍ച്ചയെത്താത്ത കോഴികളെയും വിറ്റഴിക്കുന്നുണ്ട്.
കോവിഡ് ബാധയൊഴിഞ്ഞാല്‍ വില കുത്തനെ ഉയരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു, ഒപ്പം ഇറച്ചിക്കോഴി ക്ഷാമത്തിനും. അതേസമയം, വ്യാജ പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ ചിക്കന്‍, മുട്ട വിഭവങ്ങളുടെ വില്‍പ്പനയും കുറഞ്ഞു. മലബാര്‍ മേഖലയില്‍ പലയിടങ്ങളിലും ചിക്കന്‍ വിഭങ്ങള്‍ ഒഴിവാക്കാിയാണു ഹോട്ടലുകര്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍, വില കുത്തനെ കുറഞ്ഞിട്ടും ഇറച്ചിക്കോഴി വിഭവങ്ങളുടെയൊന്നും വിലയില്‍ കുറവു വരുത്തിയിട്ടില്ലെന്നതാണ് രസകരം.

Post a Comment

0 Comments