പതിനാറുകാരനെ പ്രകൃതിവിരുദ്ധത്തിനിരയാക്കിയ പ്രതിയെ വീട് വളഞ്ഞ് പിടികൂടി


അമ്പലത്തറ: പതിനാറുകാരനെ വീട്ടിനകത്തേക്ക് വിളിച്ചുകൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ പോക്‌സോ കേസിലെ പ്രതിയെ ബന്ധുവീട് വളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തു.
അമ്പലത്തറ പാറപ്പള്ളിയിലെ അബ്ദുള്ളയുടെ മകന്‍ സമീറിനെയാണ് (35) ബങ്കളം വൈനിങ്ങാലിലെ ബന്ധുവീട്ടില്‍ നിന്നും അമ്പലത്തറ പോലീസ് അറസ്റ്റുചെയ്തത്. ഒരാഴ്ച മുമ്പാണ് മൊബൈല്‍ ഫോണ്‍ നന്നാക്കാനെന്നും പറഞ്ഞ് പതിനാറുകാരനെ സമീര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. സംഭവം കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറയുകയായിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമീറിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയി. നേരത്തെ ഗള്‍ഫിലായിരുന്ന ഇയാള്‍ ഇപ്പോള്‍ ഉത്സവപ്പറമ്പുകളിലും മറ്റും മധുരപലഹാരങ്ങളും ബലൂണുകളും വില്‍പ്പന നടത്തിവരികയായിരുന്നു. പ്രതിയെ പിടികൂടാത്തതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായപ്പോഴാണ് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതിനിടയില്‍ സമീര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇയാളെ പിടികൂടിയത്.
ഇന്നലെ രാത്രി 9 മണിയോടെ പോലീസ് സംഘം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്ന വൈനിങ്ങാലിലെ വീട് വളഞ്ഞത്. ഇതിനിടയില്‍ പോലീസിനെ വെട്ടിച്ച് സമീര്‍ ഓടിരശ്രപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ ഇന്ന് ഉച്ചകഴിഞ്ഞ് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments