കനകമൊട്ട എന്ന ജോസഫ് പറമ്പേട്ടിന് വിട


മാലക്കല്ല്: നാടിന്റെ വികസനം ഊണിലും ഉറക്കിലും സ്വപ്നംകണ്ടിരുന്ന ജോസഫ് കനകമൊട്ടയെന്ന ജോസഫ് പറമ്പേട്ടിന് നാട് വിടനല്‍കി. കനകമൊട്ടയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉച്ചയോടെ മാലക്കല്ല് ലൂര്‍ദ്ദ് മാതാ പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്‌ക്കരിച്ചു.
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം ലൂര്‍ദ്ദ് മാതാ പള്ളിയുടെ ട്രസ്റ്റിയായും ജോസഫ് കനകമൊട്ട പ്രവര്‍ത്തിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മരണപ്പെട്ട ജോസഫ് കനകമൊട്ടയുടെ മൃതദേഹം ഇന്നലെ വൈകീട്ടുവരെ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വൈകീട്ട് മാലക്കല്ലിലെ വസതിയിലെത്തിച്ചു. മൃതദേഹം വീട്ടിലെത്തിയതുമുതല്‍ നാടിന്റെ നാനാഭാഗത്തുനിന്നും ജനപ്രവാഹം തുടങ്ങിയിരുന്നു. കോട്ടയം അതിരൂപതാ മെത്രാ പോലീത്ത മാര്‍.ജോസഫ് മൂലക്കാട്ട് വസതിയിലെത്തി പ്രാര്‍ത്ഥനയും പ്രഭാഷണവും നടത്തി. ക്‌നാനായ കത്തോലിക്കരില്‍ ഇത്രയും സേവന സന്നദ്ധനായിരുന്ന അത്മായന്‍ ഇല്ലെന്ന് ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെ വസതിയിലാരംഭിച്ച ശുശ്രൂഷകള്‍ക്ക് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് (എമിരറ്റസ്) മാര്‍.ജോര്‍ജ് വലിയമറ്റം നേതൃത്വം നല്‍കി. പള്ളിയിലും സെമിത്തേരിയിലും നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരി നേതൃത്വം നല്‍കി. സംസ്‌കാര ശുശ്രൂഷകളില്‍ രാജപുരം ഫൊറോനായുടെ കീഴിലുള്ള മുഴുവന്‍ വൈദികരും മലയോര ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിലെ മിക്കപള്ളി വികാരിമാരും സംബന്ധിച്ചു. രാജപുരം മേഖലയിലെ ഏറ്റവും വലിയ ശവസംസ്‌കാര ചടങ്ങായിരുന്നു ജോസഫ് കനകമൊട്ടയുടേത്.

Post a Comment

0 Comments