നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷയും സോണിയയും


ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് ഐ.എസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ സ്വദേശിനി സോണിയ സെബാസ്റ്റിയനും തിരുവനന്തപുരം മണക്കാട് സ്വദേശിനി നിമിഷ ഫാത്തിമയും ആഗ്രഹം പ്രകടിപ്പിച്ചു.
2017ലാണ് നിമിഷയും സോണിയയും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഐ.എസില്‍ ചേരാനായി രാജ്യം വിട്ടത്. പിന്നീട് ആദ്യമായാണ് ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. ഇവര്‍ അഫ്ഗാന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണു ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. പൊയ്‌നാച്ചി സെഞ്ച്വറി ദന്തല്‍കോളേജില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ച് നാടുവിട്ടത്. ശ്രീലങ്കവഴിയാണ് ഇവര്‍ അഫ്ഗാനിലെത്തുകയും ഐഎസില്‍ ചേരുകയും ചെയ്തത്.
സഹപാഠിയായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയെ പ്രണയിച്ച് വിവാഹം കഴിച്ചാണ് സോണിയ ഇന്ത്യവിട്ടത്. നിമിഷ ഫാത്തിമ ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ബെക്‌സിനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവര്‍ പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയരാവുകയായിരുന്നു.
ഐ.എസിലുണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്ന് ഇരുവരും വീഡിയോ സന്ദേശത്തില്‍ പറയുന്നു. തിരികെയെത്തിയാല്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ട്. ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ട്. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടെന്നും ഇരുവരും അറിയിച്ചു.
അതേസമയം വീഡിയോയില്‍ ഉള്ളത് തന്റെ മകള്‍ നിമിഷ തന്നെയാണെന്ന് നിമിഷയുടെ അമ്മ ബിന്ദു സ്ഥിരീകരിച്ചു. തന്റെ മകളെ തിരികെ എത്തിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ബിന്ദു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 'എന്റെ ചിന്നുക്കുട്ടി തന്നെയാണ്. നാല് വര്‍ഷത്തിന് ശേഷം ഇന്നാണ് ഞാന്‍ അവളെ കാണുന്നതും അവളുടെ സ്വരം കേള്‍ക്കുന്നതും. അതില്‍ എനിക്ക് ഭയങ്കര സന്തോഷവും സമാധാനവും ഉണ്ട്. ദൈവത്തോട് നന്ദിയും ഉണ്ട്. കേന്ദ്ര സര്‍ക്കാരിനല്ലാതെ മറ്റൊരാള്‍ക്കും ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു അമ്മയുടെ അഭ്യര്‍ത്ഥന കേള്‍ക്കണം. ഞാന്‍ കാലു പിടിക്കുകയാണ്. എന്റെ കുഞ്ഞിനെ നാട്ടില്‍ കാലു കുത്തിക്കാന്‍ കനിവുണ്ടാകണമെന്നും ബിന്ദു പറഞ്ഞു. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുമെന്നും ബിന്ദു അറിയിച്ചു.
കാസര്‍കോട്, പടന്ന എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പമാണ് ഇവര്‍ രാജ്യം വിട്ട് ഐ.എസില്‍ ചേര്‍ന്നത്. സീക്രട്ട് ക്ലാസ്സ് എന്ന വിഭാഗത്തിലാണ് ഇവര്‍ ഐഎസിനായി പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്നാണ് ഇവര്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ മേഖലയില്‍ കേന്ദ്രീകരിച്ചത്.

Post a Comment

0 Comments