ബസ് പാര്‍ക്കിംഗ് സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കരുത്


കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെ നഗരസഭയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
നിലവില്‍ തന്നെ ബസ് സ്റ്റാന്റിനകത്ത് അനുവദിച്ച മിനി സ്റ്റാള്‍ ഉടമകള്‍ തങ്ങളുടെ വ്യാപാരത്തിന് തടസ്സമായി ബസ്സുകള്‍ വെക്കരുതെന്നും സ്ഥലപരിമിതിമൂലം ആ ഭാഗത്ത് ബസ് വെച്ചാല്‍ തന്നെ സംഘടിച്ച് ആ ബസ്സിനെ മാറ്റിവെപ്പിക്കുന്ന പ്രവണതകൂടി നടന്നുവരുന്നുണ്ട്. പുതുതായി സ്റ്റാളുകള്‍ നിര്‍മ്മിച്ചാല്‍ ബസ്സുകള്‍ക്ക് സ്റ്റാന്റിനകത്ത് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാത്ത അവസ്ഥ വന്നുചേരും. ടൗണില്‍ ഒരിടത്തും റോഡരികില്‍ ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലസൗകര്യം ഇല്ല. ബസ് ജീവനക്കാര്‍ക്ക് പ്രാഥമികകാര്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യം പോലും ഇതുമൂലം ഇല്ലാതാകും. നഗരസഭാ അധികൃതരുടെ ഈ പ്രവൃത്തിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും അനന്തര നടപടികള്‍ സ്വീകരിക്കാനും ഇന്നലെ ചേര്‍ന്ന ബസ്സുടമകളുടെയും തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.ഗിരീഷ്, സി.എ.മുഹമ്മദ്കുഞ്ഞി, ശങ്കര നായക്, എം.എ.അബ്ദുല്ല, സത്യജിത്, ബാലന്‍, എന്‍.എം.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments