മാവുങ്കാല്‍: വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ നടന്ന പൊങ്കാല നിവേദ്യത്തിനായി നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തി.
പൊങ്കാല നിവേദ്യത്തിന് ആയിരത്തോളം അടുപ്പുകളാണ് ക്ഷേത്രപരിസരത്ത് സജ്ജീകരിച്ചത്. പൊങ്കാല അടുപ്പില്‍ രാവിലെ 9.30 മണിയോടെ ദീപം തെളിയിച്ചു. തുടര്‍ന്ന് കലശാഭിഷേകം, ഉച്ചക്ക് പൊങ്കാല നിവേദ്യം നടന്നു.
ദുരിത മോചനം, സമ്പല്‍ സമൃദ്ധി, ആഗ്രഹ സാഫല്യം, മംഗല്യയോഗം, കുടുംബ ഐശ്വര്യം തുടങ്ങിയവയ്ക്കാണ് സ്ത്രീകള്‍ പൊങ്കാല നിവേദിച്ചത്. അഭീഷ്ട വരസിദ്ധി കൈവരുവാനും സര്വാര്ഥ സാധികയുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാനുമായി വ്രത ശുദ്ധിയോടെയാണ് ഭക്തര്ക്ഷേത്രത്തിലെത്തി പൊങ്കാല അര്‍പ്പിച്ചത്. ദേവിയുടെ അനുഗ്രഹത്തിന്റെ പ്രതീകമായ തീര്‍ത്ഥജലം വീണ പൊങ്കാല നിവേദ്യം പ്രസാദമായി സങ്കല്‍പ്പിച്ച് ഭക്തജനങ്ങള്‍ ആത്മനിര്‍വൃതിയണഞ്ഞു.
പത്മനാഭ പട്ടേരി, വാസുദേവ പട്ടേരി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
കുംഭമാസത്തിലെ പൂരം നാളില്‍ ഈ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം കൊണ്ടാടുന്നത് ഇത് എട്ടാം തവണയാണ്.
0 Comments