മേല്‍പ്പാലത്തിന്റെ അടിഭാഗം പൊതുഇടമാക്കി നവീകരിക്കും


നീലേശ്വരം: മെക്കാഡം ടാറിംങ് ചെയ്ത് നവീകരിച്ച നീലേശ്വരം റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിഭാഗം പൊതുഇടമാക്കാന്‍ നീലേശ്വരം നഗരസഭ തീരുമാനിച്ചു.
20 ലക്ഷത്തോളം രൂപ ചിലവിട്ടാണ് മേല്‍പ്പാലത്തിന്റെ അടിഭാഗത്തിന്റെ രണ്ട് റോഡുകളും മെക്കാഡം ടാറിംങ്ങ് നടത്തിയത്. ഇവിടെയുള്ള അനധികൃത പാര്‍ക്കിംങ്ങുകള്‍ നിരോധിച്ചും ഓട്ടോറിക്ഷ പാര്‍ക്കിംഗ് ക്രമീകരിച്ചും യാത്രക്കാര്‍ക്കും മറ്റും തടസ്സമില്ലാത്തവിധം വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിച്ചുമാണ് ഇവിടെ പൊതുഇടമാക്കാന്‍ ആലോചിക്കുന്നത്. നിലവില്‍ തീവണ്ടിയാത്രാക്കാരും മറ്റും രാവിലെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ മേല്‍പ്പാലത്തിന്റെ അടിഭാഗത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ ക്രമമില്ലാതെ നിര്‍ത്തിയിട്ട് പോകുന്നതുമൂലം ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിന് പുറമെ കാല്‍നടയാത്രക്കാര്‍ക്കും ദ്രോഹമായി മാറുന്നുണ്ട്. രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മുന്‍വശത്തുപോലും ഇത്തരം അനധികൃതപാര്‍ക്കിംഗുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും ദ്രോഹമായി മാറുന്നുണ്ട്. ഇനിമുതല്‍ ഇത്തരം വാഹനപാര്‍ക്കിംഗുകള്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കിഴക്കും പടിഞ്ഞാറും ഭാഗത്തേക്ക് മാറ്റാനാണ് തീരുമാനം. ഇതോടൊപ്പം മേല്‍പ്പാലത്തിന്റെ അടിഭാഗത്തെ ഒഴിഞ്ഞഭാഗങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തില്‍തന്നെ വഴിയോരകച്ചവടങ്ങള്‍ നടത്താനുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന നിര്‍ദ്ദേശവും നാട്ടുകാരില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്.

Post a Comment

0 Comments