കൊറോണ: പുതുച്ചേരി മുഖ്യമന്ത്രി കേരളത്തിന്റെ സഹായം തേടി


മാഹി: പ്രദേശവാസിയായ സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളത്തിനകത്തെ കേന്ദ്രഭരണപ്രദേശമായ മാഹിയില്‍ അതീവ ജാഗ്രത. സ്ത്രീയുമായി അടുത്ത് ഇടപഴകിയ രണ്ട് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. അവരുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ 142 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്.
പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി ആരോഗ്യമന്ത്രിക്കൊപ്പം മാഹിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അമന്‍ ശര്‍മ്മയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
മാഹിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട നാരായണസ്വാമി പറഞ്ഞു. ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം 15 സംഘങ്ങളായി തിരിഞ്ഞ് ബോധവത്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1 കോടി രൂപ അനുവദിക്കുന്നതായും പുതുച്ചേരി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അതിനിടെ കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന കര്‍ണാടകയിലെ കുടകില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ നിന്നുമെത്തിയ കുടക് സ്വദേശിക്കാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ കര്‍ണാടകയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15 ആയി. ഇവരിലേറേയും ബാംഗ്ലൂര്‍ നഗരത്തിലാണുള്ളത്.

Post a Comment

0 Comments