കോവിഡ് ഭീതിയില്‍ ഹോട്ടലുകള്‍ അടച്ചുതുടങ്ങി


നീലേശ്വരം: കൊവിഡ്19 ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ 20 ശതമാനം ഹോട്ടലുകളും താല്‍ക്കാലികമായി അടച്ചുപൂട്ടി.
നീലേശ്വരത്ത് മൂന്നും, കാഞ്ഞങ്ങാട്ട് രണ്ടും ഹോട്ടലുകളാണ് അടച്ചത്. പക്ഷിപ്പനിയും കൊവിഡ് 19 ഉം ഹോട്ടല്‍ വ്യവസായത്തെ തകര്‍ത്തപ്പോള്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കാനും വാടക നല്‍കാനും കഴിയാതെ നെട്ടോട്ടമോടുകയാണ് ഉടമകള്‍. തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നാണ് ചെറുകിട ഹോട്ടലുകളുടെ ഉടമകള്‍ പറയുന്നത്. സംസ്ഥാനത്തെ ചെറുതും വലുതുമായ 90,000 ഹോട്ടലുകളില്‍ 80 ശതമാനം സ്ഥാപനങ്ങളിലും കച്ചവടം 20 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ബാക്കി 20 ശതമാനം ഇടങ്ങളിലും കച്ചവടം 5060 ശതമാനം മാത്രമാണ് നടക്കുന്നത്. വിനോദസഞ്ചാര മേഖലകളായ മൂന്നാര്‍, വയനാട്, കോവളം, തേക്കടി, കുമരകം എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതര സംസ്ഥാനത്തുനിന്നുള്ളവര്‍ക്കുപോലും താമസയിടം നല്‍കരുതെന്ന അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലോഡ്ജുകളും അടഞ്ഞുകിടക്കുകയാണ്. പണം കൊടുക്കാനുള്ളവര്‍ വീട്ടിലേക്ക് വരുമെന്ന് ഭയന്നിട്ടാണ് സ്ഥാപനങ്ങള്‍ അടച്ചിടാതിരിക്കുന്നത് ചിലഹോട്ടലുടമകള്‍ പറയുന്നു.
സാധാരണ ഓരോ ദിവസവും ലഭിക്കുന്ന വിറ്റുവരവ് കൊണ്ടാണ് ബാങ്ക് ലോണ്‍, പലചരക്ക് വാങ്ങുന്ന തുക, വാടക, തൊഴിലാളികളുടെ വേതനം, വൈദ്യുതിചാര്‍ജ് എന്നിവയ്ക്കായി പണം തണ്ടെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ വിറ്റുവരവ് തൊഴിലാളികള്‍ക്ക് വേതനം കൊടുക്കാന്‍ പോലും തികയുന്നില്ല. തുറന്നുപ്രവര്‍ത്തിക്കുന്ന ഹോട്ടലുകളാകട്ടെ കൊവിഡ് സ്ഥിരീകരിച്ചവര്‍ ആരെങ്കിലും ഭക്ഷണം കഴിക്കാനെത്തുമോ എന്ന ഭയത്തിലുമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൊവിഡ് 19 ഭയന്ന് നാട്ടിലേക്ക് തിരിച്ചുപോയതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍പോലും ജനങ്ങള്‍ പുറത്തേക്കിറങ്ങാതിരിക്കുന്നതിനാല്‍ ഇവിടെയും സ്ഥിതി മറിച്ചല്ല. ഇതിനിടയിലും ജി.എസ്.ടിയുടെപേരില്‍ ഹോട്ടലുകളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നും ഇത് ഉടമകളെ മാനസികമായി തളര്‍ത്തുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.

Post a Comment

0 Comments