നീലേശ്വരം: കോസ്റ്റല്‍പോലീസ് രക്ഷപ്പെടുത്തി സംരക്ഷിച്ച കടലാമ പൂര്‍ണ്ണ ആരോഗ്യവാനായി കടലിലേക്ക് തന്നെ തിരിച്ചുപോയി. മാര്‍ച്ച് 2 ന് പട്രോളിംഗ് നടത്തവെയാണ് അഴിത്തലയിലെ കോസ്റ്റല്‍പോലീസ് ഒരു മാസത്തിലേറെയായി വലയില്‍കുടുങ്ങി അവശനായ ഭീമന് കടലാമയെ രക്ഷപ്പെടുത്തിയത്.
25 കിലോ തൂക്കം വരുന്ന കടലാമയെ വലയില്‍ നിന്നും പുറത്തെടുത്തപ്പോള്‍ തോടു മുഴുവന്‍ പായല്‍കൊണ്ട് നിറഞ്ഞിരുന്നു. ഭക്ഷണം കിട്ടാത്തതിനാല്‍ തീര്‍ത്തും അവശനായിരുന്നു കടലാമ. പായലുകള്‍ കഴുകി വൃത്തിയാക്കി കടലാമ സംരക്ഷകരായ നെയ്തലിന്റെ സഹകരണത്തോടെ ഭക്ഷണം നല്കി പരിപാലിച്ച കടലാമയെ ഇന്ന് രാവിലെയാണ് കടലിലേക്കുതന്നെ വിട്ടത്. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.അജിത്ത് രാമനാണ് ആമയെ കടലിലേക്ക് വിട്ടത്. ഹോസ്ദുര്‍ഗ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി. ജയപ്രകാശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് കെ കൊച്ചി, എം.ചന്ദ്രന്, കോസ്റ്റല്‍ എ.എസ്.ഐ എം.ടി.പി സെയ്ഫുദ്ദീന്‍, ബീറ്റ് ഓഫീസര്‍ മനോജ്, നെയ്തല്‍ പ്രവര്‍ത്തകരായ പ്രവീണ്‍, സ്വാമിക്കുട്ടി, മണി എന്ന മനോജ്കുമാര്‍, കെ.രാജന്, കെ.ശാന്തന് എന്നിവര്‍ ഉണ്ടായിരുന്നു.
0 Comments