കേന്ദ്ര സര്‍വ്വകലാശാലയില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി


പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം 'സുസ്ഥിര വികസനവും വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി.
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ ഉദ്ഘടാനം ചെയ്തു. ഔപചാരിക വിദ്യാഭ്യാസമില്ലാതെയും സുസ്ഥിര ജീവിതരീതികള്‍ സ്വായത്തമാക്കാന്‍ സാധിക്കുമെങ്കിലും ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സവിശേഷ സ്ഥാനമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. പി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സെഷനില്‍ യുനെസ്‌കോ നാഷണല്‍ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഡോ. റാം ഭൂജ് മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിലെ എല്ലാ വശങ്ങളേയും ഉള്‍ക്കൊള്ളിക്കുകയും പ്രകൃതിയുമായി ഏറ്റവും കൂടുതല്‍ സമന്വയിക്കുകയും ചെയ്ത ഒരു പദമാണ് 'സുസ്ഥിരത' എന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു. സുസ്ഥിരത ലക്ഷ്യമാക്കി അന്താരാഷ്ട്ര തലങ്ങളില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദമാക്കി. ന്യൂ ഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ ഡോ. ചേതന്‍ ഗാട്ടെ, സ്‌കൂള്‍ ഓഫ് എകണോമിക്‌സ് ഡീന്‍ പ്രൊഫ. കെ.സി ബൈജു, വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫ. ജി. അമൃത്കുമാര്‍ തുടങ്ങിയവര്‍ സംസാ രിച്ചു.
രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ മൂന്ന് പ്ലീനറി സെഷനുകളിലും പതിനൊന്ന് ടെക്‌നിക്കല്‍ സെഷനുകളിലുമായി തെരഞ്ഞെടുക്കപ്പെട്ട നൂറോളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യും. യു. എസ്. എ, ഉഗാണ്ട, നൈജീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നും രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി ഗവേഷകര്‍, അക്കാദമിക വിദഗ്ദര്‍, നയ രൂപികരണ കര്‍ത്താക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഡോ. അന്‍വര്‍ സാദത്ത് സ്വാഗതവും കോര്‍ഡിനേറ്റര്‍ ഡോ. ടി. ജെ ജോസഫ് നന്ദിയും പറഞ്ഞു. ഡോ. ശ്യാംപ്രസാദ്, ഡോ. വി. നാഗരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments