ദേവനന്ദയുടെ മരണം: തുമ്പുകിട്ടാതെ പോലീസ് വട്ടംകറങ്ങുന്നു; പത്ത് സംശയങ്ങളുമായി റിട്ടയര്‍ ചെയ്ത ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍


കൊല്ലം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്താനായില്ലെന്ന് അന്വേഷണ ചുമതല ഉള്ള ചാത്തന്നൂര്‍ എസിപി ജോര്‍ജ് കോശി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതുപോലെ മുങ്ങിമരണമെന്ന നിഗമനത്തിലേക്കാണ് അന്വേഷണവും എത്തുന്നത്. അന്വേഷണത്തിന്റെ തുടര്‍ച്ചയായി ഫോറന്‍സിക് സംഘം സംഭവസ്ഥലം പരിശോധിച്ചു.
ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് പോലീസ് വിവിധ സാധ്യതകള്‍ പരിശോധിക്കുന്നത്. ഇതിനോടകം 40 ലേറെപ്പേരെ ചോദ്യം ചെയ്തു. എന്നാല്‍ കാര്യമായ സൂചനകളൊന്നും ഇവരില്‍ നിന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ ചുമതല ഉള്ള ചാത്തന്നൂര്‍ എസിപി ജോര്‍ജ് കോശി പറയുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.കെ.ശശികലയുടെ നേതൃത്വത്തില്‍ ഉള്ള ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പുഴയുടെ ആഴം അളന്നു. വീടും പുഴയിലേക്കുള്ള വഴിയും വിശദമായി പരിശോധിച്ചു. ഈ ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തുടര്‍ അന്വേഷണം.
അതേ സമയം ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍. പോലീസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കാണാതാകുന്നതിന്റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു.
ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ഈ മൊഴിയാണിപ്പോള്‍ അച്ഛന്‍ മാറ്റിയത്. പോലീസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ദേവനന്ദയെ കാണാതാകുന്നതിന്റെ അന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തി. കടയുടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 38 പേരുടെ മൊഴിയാണ് പോലീസിതുവരെ എടുത്തത്.
നെടുമണ്‍കാവ് ഇളവൂരില്‍ ഇത്തിക്കരയാറിന്റെ കൈവഴിയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ (പൊന്നു 7) മരണത്തില്‍ ഏറെ ദുരൂഹതകളുണ്ടെന്ന് മുന്‍ എസ്.പിയും അന്വേഷണ വിദഗ്ദ്ധനുമായിരുന്ന ജോര്‍ജ് ജോസഫ് പറയുന്നു. ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണ് സാഹചര്യങ്ങള്‍. പോലീസ് ഇനിയും ഒരുപാട് വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്ത് സംശയങ്ങള്‍ അ ദ്ദേഹം മുന്നോട്ടുവെച്ചു. 1, പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയപ്പോള്‍ കുട്ടിയുടെ കാലില്‍ മണ്ണുണ്ടായിരുന്നോയെന്ന് പരിശോധിക്കേണ്ടിയിരുന്നു. ചെരുപ്പിടാതെയാണ് കുട്ടി പോയതെങ്കില്‍ കാലില്‍ മണ്ണുണ്ടാകും. എത്ര മണിക്കൂര്‍ വെള്ളത്തില്‍ കിടന്നാലും ചെറിയ തോതിലെങ്കിലും മണ്ണ് കാലിന്റെ അടിഭാഗത്തുണ്ടാവും. മണ്ണ് കിട്ടിയിരുന്നെങ്കില്‍ ഏതുവഴി എവിടെയൊക്കെ പോയെന്ന് വ്യക്തമായി കണ്ടെത്താമായിരുന്നു. 2. ആരെങ്കിലും കുഞ്ഞിനെ എടുത്തുകൊണ്ടുപോയെങ്കില്‍ കാലില്‍ മണ്ണുണ്ടാവില്ല. എത്ര ജോടി ചെരുപ്പ് കുട്ടിക്കുണ്ടെന്ന് നോക്കണം. ഇന്നത്തെ കുട്ടികള്‍ പൊതുവേ ചെരുപ്പിടാതെ പുറത്തിറങ്ങാറില്ല. ചെരുപ്പുകള്‍ വല്ലതും നഷ്ടമായിട്ടുണ്ടോയെന്ന് നോക്കണം. ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ പലതും തെളിയിക്കാനാവും. 3. കുട്ടി മരിച്ചുകിടന്ന ഇത്തിക്കരയാറിന് സമീപത്തെ പ്രദേശം വിജനമാണ്. ഈ സ്ഥലത്തുകൂടി സാധാരണ കുട്ടികള്‍ പോകാന്‍ മടിക്കും. അബദ്ധത്തില്‍ കുട്ടി കാല്‍വഴുതി വീണുവെന്നാണ് പോലീസ് കരുതുന്നതെങ്കില്‍ കുട്ടിയുടെ ശരീരത്തില്‍ കുറ്റിച്ചെടികളും മറ്റും ഉരസിയ പാടുകള്‍ ഉണ്ടാവും. പ്രത്യേകിച്ച് കുട്ടിയുടെ ശരീരത്തില്‍ ചുവന്നതോ നീലിച്ചതോ ആയ പാടുകള്‍ പ്രത്യക്ഷപ്പെടുമായിരുന്നു. ഇത്തരം പാടുകള്‍ ഇല്ലാത്തത് ദുരൂഹത ഉണര്‍ത്തുന്നു. 4. കുട്ടി മരിച്ചുകിടന്ന സ്ഥലത്തിനടുത്തുനിന്ന് കണ്ടെത്തിയ ഷാള്‍ കേസില്‍ ഏറെ നിര്‍ണായകമാണ്. അമ്മയുടെ ഷാള്‍ സാധാരണ കുട്ടികളെടുത്ത് സാരി പോലെ ചുറ്റി കളിക്കാറുണ്ട്. പക്ഷേ പുറത്തിറങ്ങി നടക്കുന്ന കുട്ടി അങ്ങനെ ചെയ്യാനുള്ള സാദ്ധ്യത കുറവാണ്. ഇനി കുട്ടിയുടെ ശരീരത്തില്‍ ഷാള്‍ ചുറ്റിയിരുന്നെങ്കിലും അത് കാണാനുള്ള സാദ്ധ്യത കുറവാണ്. വെള്ളത്തില്‍ തനിയെ വീണെങ്കില്‍ ഷാള്‍ ഒഴുകി മാറിയേനെ. കുട്ടി മരിച്ചുകിടന്നതിനടുത്ത് നിന്നുതന്നെ ഷാള്‍ കിട്ടിയത് ഏറെ ദുരൂഹത സൃഷ്ടിക്കുന്നു. ഷാളും മൃതദേഹത്തിനൊപ്പം ഒഴുകിയെത്താനുള്ള സാദ്ധ്യത ഒരിക്കലുമുണ്ടാവില്ല.
5. മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തള്ളിയിട്ടാലും എടുത്തിട്ടാലും ഷാളുകൊണ്ട് വലിച്ച് തള്ളിയാലും ആറ്റില്‍ വീണ് മരിക്കും. അത് മുങ്ങി മരണമാവും. എങ്ങനെയാണ് ആറ്റില്‍ വീണതെന്നാണ് കണ്ടെത്തേണ്ടത്. സ്വാഭാവികമായ വീഴ്ചയെങ്കില്‍ പാടുകള്‍ ശരീരത്തില്‍ ഉണ്ടാവും. പാടുകള്‍ യാതൊന്നും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിക്ക് ഒരാള്‍ കുട്ടിയെ എടുത്ത് എറിയാനുള്ള സാദ്ധ്യത തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. 6. കുട്ടി വീണ സ്ഥലത്തുനിന്ന് ഒഴുകി മറുകരയില്‍ എത്തിയതായാണ് നിഗമനം. ഇത് ശരിയാണെങ്കില്‍ ആറ്റിലെ ഒഴുക്കിന്റെ ശക്തി പരിശോധിക്കേണ്ടതുണ്ട്. വേനല്‍ക്കാലമായതിനാല്‍ ഒഴുക്കിന്റെ ശക്തി കുറയാനിടയുണ്ട്. അത് കൃത്യമായും പരിശോധിക്കപ്പെടേണ്ടതാണ്.
7. കുട്ടി വീണ് ഒഴുകിപ്പോയതാണോയെന്ന് പരിശോധിക്കാന്‍ പോലീസ് ഡമ്മി പരിശോധന നടത്തണം. ഇതിലൂടെ കുറെ കാര്യങ്ങള്‍ ചുരുളഴിയും. കുട്ടികിടന്ന സ്ഥലവും പരിസരവും സൂക്ഷ്മമായി വിലയിരുത്തണം. 8. കുട്ടി രാവിലെ കഴിച്ച ഭക്ഷണവും വയറ്റിലുണ്ടായിരുന്ന ഭക്ഷണവും പരിശോധിക്കണം. രാവിലെ കൊടുത്ത ഭക്ഷണം തന്നെയാണോ കുഞ്ഞിന്റെ വയറ്റിലുള്ളതെന്ന് നോക്കിയാല്‍ വേറെ ഭക്ഷണം ആരെങ്കിലു കൊടുത്തിട്ടുണ്ടോയെന്ന് അറിയാം. മലത്തിന്റെ അളവ് ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ടുണ്ടെങ്കില്‍ അതും നിര്‍ണായക തെളിവാകും.
9. മുമ്പും കുട്ടിയെ കാണാതായിട്ടുണ്ടെന്നുള്ള ചില വിവരങ്ങളും അന്നുണ്ടായ കാര്യങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്യണം. അന്ന് കുട്ടിയെ കണ്ടെത്തിയ അവസ്ഥയും സാഹചര്യങ്ങളും കൂടി നോക്കണം.
10. അമ്മ വസ്ത്രം അലക്കാന്‍ പോകുമ്പോള്‍ ദേവനന്ദ ജനലിലൂടെ അയല്‍പക്കത്തെ കുട്ടിയോട് സംസാരിച്ചതായി ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ കുട്ടിയെ കാണാതായത് ഒരു മണിക്കൂര്‍ മുമ്പ് എന്ന നിഗമനം തെറ്റാകും. സംസാരിച്ചെങ്കില്‍ അതിനെടുത്ത സമയവും മരിച്ച സമയവും നിര്‍ണായകമാണ്.

Post a Comment

0 Comments