വിവാഹാലോചനയുമായി എത്തിയ യുവാവ് ബലാത്സംഗം ചെയ്തു


കാസര്‍കോട്: വിവാഹാലോചനയുമായി എത്തിയ യുവാവ് ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ബദിയഡുക്ക പോലീസ് കേസെടുത്തു.
ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ 32 കാരിയാണ് പരാതിക്കാരി. സംഭവവുമായി ബന്ധപ്പെട്ട് സിദ്ദിഖ് എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാളുടെ പേരോ മേല്‍വിലാസമോ ഒന്നും തന്നെ യുവതിക്കറിയില്ല. സിദ്ദിഖ് എന്ന് പരിചയപ്പെടുത്തിയാണ് മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടിലെത്തി കല്യാണാലോചന നടത്തുകയും ചെയ്തു. ഇതിന് ശേഷം പലവട്ടം വീട്ടിലെത്തി ബലാത്സംഗത്തിനിരയാക്കി എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇതിനിടയില്‍ കല്യാണക്കാര്യം പറയുമ്പോള്‍ കുറച്ച് ബാധ്യതകളുണ്ടെന്നും അത് തീര്‍ത്ത് ഉടന്‍ വിവാഹം കഴിക്കാമെന്നുമാണത്രെ ഇയാള്‍ യുവതിയോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതായതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
യുവതിയെ പീഡനത്തിനിരയാക്കിയ യുവാവിന്റെ മേല്‍വിലാസമൊന്നും അറിയാത്തതിനാല്‍ ഇയാളെ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ബദിയടുക്ക പോലീസ്.

Post a Comment

0 Comments