പ്രിയതാരം അറിയുന്നുണ്ടോ തന്റെ ആരാധകന്റെ ദുരിത ജീവിതം


കാഞ്ഞങ്ങാട് : മോഹന്‍ലാലിനെ നെഞ്ചോടുചേര്‍ത്തുവെച്ച ആരാധകനാണ് കാഞ്ഞങ്ങാട്ടെ ഓട്ടോഡ്രൈവറായ രാജന്‍. മോഹന്‍ലാല്‍ ആരാധകര്‍ക്ക് രാജനെ പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ല. അറിയുന്നുണ്ടോ ഈ ആരാധകന്റെ ദുരിതം. ലാലേട്ടന്റെ ആരാധകര്‍ക്കും, കാഞ്ഞങ്ങാട്ടെ പൊതു സമൂഹത്തിനും ഈ മുഖം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.
ലാലേട്ടന്റെ എല്ലാ സിനിമകളും റിലീസ് ദിവസം ആദ്യഷോ തന്നെ കാണും. റിലീസിന് മുന്നൊരുക്കങ്ങള്‍ക്കെല്ലാം ഓടിച്ചാടി നടക്കും. പോസ്റ്ററും കട്ടൗട്ടറും സ്ഥാപിക്കാനും തോരണം കെട്ടാനും മുന്നില്‍ തന്നെ. പക്ഷെ കുശാല്‍നഗര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന രാജന്റെ ജിവിതം ഇപ്പോള്‍ ദുരിതപൂര്‍ണ്ണമാണ്. രണ്ടര വര്‍ഷം മുമ്പ് രാജന്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ ലോറിയിടിച്ചതോടെയാണ് രാജന്റെ ജീവിതം ദുരിതകടലിലാക്കിയത്. അപകടത്തില്‍ പരിക്കേറ്റ രാജന്റെ വൃക്കയ്ക്ക് തകരാറു സംഭവിച്ചു. ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. സഹോദരി സാവിത്രി വീട്ടു ജോലി ചെയ്തുകിട്ടുന്ന വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. ചികിത്സക്കായി സാവിത്രിക്ക് അഞ്ചുലക്ഷത്തോളം രൂപയുടെ കടമുണ്ടായി.
ഓട്ടിസം ബാധിച്ച 17 വയസുള്ള മകന്‍ രാഹുലും ദുര്‍ഗാ ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി പൂജയും ഭാര്യ ജലജയും സഹോദരിയും അടങ്ങുന്നതാണ് രാജന്റെ കുടുംബം. മോഹന്‍ലാല്‍ ഫാന്‍സിന്റെയും നാട്ടുകാരുടെയും സഹായങ്ങള്‍ ചെറിയ തോതില്‍ കിട്ടിയുണ്ട്.
ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് ചെയ്യണം. ഒരു തവണ ചെയ്യണമെങ്കില്‍ 800 രൂപ വേണം. ആരെങ്കിലും വൃക്കദാനം ചെയ്താല്‍ രാജന് ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഒരു പക്ഷെ തന്റെ കടുത്ത ആരാധകന്റെ ദുരിതം മോഹന്‍ലാല്‍ അറിഞ്ഞാല്‍ സഹായിച്ചേക്കുമെന്നാണ് സുഹൃത്തുക്കളുടെ പ്രതീക്ഷ.

Post a Comment

0 Comments