കൊറോണ : ഹോമിയോപ്പതി വകുപ്പ് അടിയന്തര യോഗം ചേര്‍ന്നു


കാസര്‍കോട്: കോവിഡ് 19 (കൊറോണ) ന്റെ വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താനായി ഹോമിയോപ്പതി വകുപ്പിന്റെ സാംക്രമിക രോഗപ്രതിരോധ നിയന്ത്രണവിഭാഗം അടിയന്തിരയോഗം ചേര്‍ന്നു.
ജില്ലയിലെ ഹോമിയോ ഡോക്ടര്‍മാരെല്ലാവരും കൊറോണ നിയന്ത്രണപരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് യോഗം എൈക കണ്‌ഠേന തീരുമാനിച്ചു. കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി അജാനൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളി ബിയെ നിയോഗിച്ചു. എല്ലാ വിഭാഗം ഡോക്ടര്‍മാരും തങ്ങളുടെ സ്ഥാപനങ്ങളില്‍ വരുന്ന പനി കേസുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം. സര്‍ക്കാര്‍/ സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി അവരവരുടെ ജീവനക്കാരെ സുരക്ഷിതരായി നിര്‍ത്തണം. ഇതിന് ആവശ്യമായ മാസ്‌കുകള്‍, ഹാന്റ് റബ്ബ് പോലെയുള്ള പ്രതിരോധ വസ്തുക്കള്‍ അവര്‍ക്ക് നല്‍കണം.കൊറോണയ്ക്ക് ചികിത്സ ആവശ്യമെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡായി കളനാട്, നീലേശ്വരം, എന്നീ ആശുപത്രികളില്‍ സൗകര്യം ഒരുക്കും. ഡോക്ടര്‍മാരുടെ അടുത്ത് എത്തുന്നവയില്‍ കൊറോണ സംശയിക്കുന്ന കേസുകള്‍ അപ്പോള്‍ത്തന്നെ ആരോഗ്യ വകുപ്പിന്റെ ദിശ യിലോ (ഫോണ്‍ : 04712552056, ടോള്‍ ഫ്രീ നമ്പര്‍ 1056) ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂം സെന്ററിലോ (ഫോണ്‍ 9946000293) അറിയിക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. രാമസുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/സ്വകാര്യ മേഖലകളുടെ പ്രതിനിധികളായ ഡോക്ടര്‍മാര്‍ പങ്കെടുത്തു.

Post a Comment

0 Comments