ബാങ്കില്‍ അടക്കാന്‍ നല്‍കിയ പണവുമായി ഡ്രൈവര്‍ മുങ്ങി


കാഞ്ഞങ്ങാട്: ബാങ്കില്‍ ഏല്‍പ്പിക്കാന്‍ ഏല്‍പ്പിച്ച പണവുമായി മംഗലാപുരം സ്വദേശിയായ ഡ്രൈവര്‍ മുങ്ങിയതായി പോലീസില്‍ പരാതി.
കാഞ്ഞങ്ങാട് നിട്ടടുക്കം മാരിയമ്മ ക്ഷേത്രത്തിനു സമീപത്തെ കണിപുരം ഹോള്‍സെയില്‍ ഐസ്‌ക്രീം എന്ന സ്ഥാപനത്തിലെ ഡ്രൈവര്‍ മംഗലാപുരം സ്വദേശി പ്രശാന്താണ് കര്‍ണ്ണാടക ബാങ്കില്‍ അടക്കാന്‍ ഷോപ്പ് അക്കൗണ്ടന്റ് ഉഷ ഏല്‍പ്പിച്ച 82,000 രൂപയുമായി കടന്നുകളഞ്ഞത്. ഫെബ്രുവരി 17ന് രാവിലെ 10 മണിയോടെയാണ് പ്രശാന്ത് പണമടക്കാന്‍ ബാങ്കിലേക്ക് പോയത്. തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെതുടര്‍ന്ന് ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഫെബ്രുവരി അഞ്ചുമുതലാണ് പ്രശാന്ത് ഈ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലിക്ക് ചേര്‍ന്നത്. ബാങ്കില്‍ പോകാന്‍ ഉപയോഗിച്ച ബൈക്ക് കാഞ്ഞങ്ങാട് നഗരത്തില്‍ ഉപേക്ഷിച്ചാണ് പ്രശാന്ത് സ്ഥലം വിട്ടത്. കടയുടെ പാര്‍ട്ണര്‍മാരായ സന്തോഷ്, ശങ്കരനാരായണന്‍ എന്നിവര്‍ ഇയാളെ മംഗലാപുരത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്നാണ് അക്കൗണ്ടന്റ് ജി.എസ്.ഉഷ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.

Post a Comment

0 Comments