വരുമാനം കുറയും: മദ്യശാലകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭായോഗം


തിരു: കൊറോണ രോഗബാധയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. പകരം ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബാറുകളിലെ ടേബിളുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണം. അവ അണുവിമുക്തമാക്കണമെന്നും മന്ത്രിസഭ നിര്‍ദ്ദേശിച്ചു.
കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടുന്നത് പരിഗണനയിലാണെന്ന് മന്ത്രിസഭ യോഗം അറിയിച്ചു.
അതേസമയം, കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം നേരിടാന്‍ കരുതലോടെ നീങ്ങുകയാണ് സംസ്ഥാനം. അതിനിടെ കോവിഡ് ലക്ഷണങ്ങള്‍ കാട്ടിയ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിത ഡോക്ടറെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ നിരീക്ഷണത്തിലുള്ള ഡോക്ടര്‍മാരുടെ എണ്ണം രണ്ടായി. മലപ്പുറം വാണിയമ്പലത്ത് രോഗി സന്ദര്‍ശിച്ച സ്വകാര്യ ക്ലിനിക്കുകളും ലാബും അടച്ചിടാന്‍ നിര്‍ദ്ദേശിച്ചു. ഇവിടത്തെ ഡോക്ടര്‍മാരും നിരീക്ഷണത്തിലാണ്. ഇത് കൂടാതെ ഇവരെ പരിശോധിച്ച വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരോടും ജീവനക്കാരോടും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കി.
ഉംറ കഴിഞ്ഞത്തിയ ആളുകളോട് ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12 പേരും തിരൂര്‍ ജില്ല ആശുപത്രിയില്‍ മൂന്നുപേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്.
2193 പേര്‍ വീടുകളിലും മൂന്നു പേര്‍ പ്രത്യേക കോവിഡ് കെയര്‍ സെന്ററിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 227 സാമ്പിളുകളില്‍ 189 പേരുടെ ഫലം ഇതുവരെ ലഭിച്ചു. ഇതില്‍ രണ്ടുപേര്‍ക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് തങ്ങുന്ന എല്ലാ വിദേശസഞ്ചാരികളും എത്രയും വേഗം സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 5000ത്തോളം വിദേശപൗരന്‍മാര്‍ കേരളത്തില്‍ തങ്ങുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ രാജ്യം വിടാനുള്ള നടപടികള്‍ വിദേശപൗരന്‍മാര്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments