കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഉദയഗിരിയില്‍ നിര്‍മ്മിച്ച വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനത്തിന് സജ്ജമായി.
5.00 കോടി രൂപ അടങ്കലില്‍ നിര്‍മ്മിച്ച ഹോസ്റ്റലില്‍ 120 പേര്‍ക്കുളള താമസ സൗകര്യം സാധ്യമാകും. ട്വിന്‍ ബില്‍ഡിംഗ് മാതൃകയില്‍ നിര്‍മ്മിച്ച ഹോസ്റ്റലില്‍ കുടുംബശ്രീയുടെ പ്രത്യേക പരിശീലനം ലഭിച്ചതും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതുമായ കാന്റീന് ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥയായ സ്ത്രീകള്‍ക്കും, വിദ്യാര്‍ത്ഥിനികള്‍ക്കും പൂര്‍ണ്ണ സുരക്ഷിതത്വവും ആരോഗ്യപരമായ താമസ സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഡിപി വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ നിര്‍മ്മിച്ചിട്ടുളളത്. രണ്ടുപേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളും 3 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളും അടക്കം 120 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് ഹോസ്റ്റല്‍ ഒരുക്കിയിട്ടുള്ളത്. ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും, വിദ്യാര്‍ത്ഥിനികള്‍ക്കും താമസ സൗകര്യത്തിനായി അപേക്ഷ നല്‍കാവുന്നതാണെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജമോഹന്‍ അറിയിച്ചു. അപേക്ഷകര്‍ നിശ്ചിത മാതൃകയില്‍ ഉളള അപേക്ഷാ ഫോം കാസര്‍കോട് കളക്ടറേറ്റ് എം സെക്ഷ്നില് നിന്നും ലഭ്യമാക്കണമെന്ന് ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ സുനിത എം.വി അറിയിച്ചു.
0 Comments