കലമാന്‍വേട്ട: ഒളിവില്‍കഴിഞ്ഞ മൂന്ന് പ്രതികള്‍ അറസ്റ്റില്‍


രാജപുരം: കലമാനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കിയ കേസില്‍ മൂന്ന് പ്രതികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
പുളിങ്കൊച്ചിയിലെ ദാമോദരന്‍(51), മധുസൂദനന്‍ (33), ചെമ്പംവയലെ രാജേഷ്(35) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ മാസം 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റാണിപുരം അമ്പതേക്കറിലെ പി.ജെ.ജെയിംസിന്റെ വീട്ടില്‍ നിന്നും കലമാന്റെ കറിവെച്ചതും ഭാഗികമായി വേവിച്ചതുമായ ഇറച്ചി പിടികൂടിയിരുന്നു. ഒളിവില്‍ പോയ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. മറ്റ് പ്രതികളെല്ലാം ഒളിവിലായിരുന്നു. ഇവരെയാണ് ഫ്‌ളയിങ്ങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പിടികൂടിയത്.
മാനിനെ വെടിവെച്ച ഗംഗാധരന്‍ എന്ന പ്രതിയെകൂടി പിടികൂടാനുണ്ട്. ഇവര്‍ മറ്റ് പല വന്യജീവി കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരാണെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. കൂടുതല്‍ അന്വേഷണം നടത്തിവരുന്നു. മണിയാനി മാനിഭാഗത്തുനിന്നും കാട്ടുപോത്തിനെ വേട്ടയാടിയ കേസിലും പ്രതികള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഫ്‌ളെയിങ്ങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ എം.കെ.നാരായണന്‍, കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.മധുസൂദനന്‍, ടി.പ്രഭാകരന്‍, ബി.എസ്.വിനോദ് കുമാര്‍, സി.ജെ.ജോസഫ്, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.രാജു, പി.ശ്രീധരന്‍, ആര്‍.കെ.രാഹുല്‍, ജി.എ.ജിതിന്‍, ഡ്രൈവര്‍മാരായ പി.പ്രദീപ്കുമാര്‍, ഒ.എ.ഗിരീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments