രാജപുരം: ഇറ്റലിയിലേക്ക് പോയ ജനങ്ങളുടെ തിരിച്ചുവരവ് രാജപുരം മേഖലയില്‍ വ്യാപകമായി. കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇറ്റലിയിലുള്ളത് രാജപുരം കുടിയേറ്റമേഖലയില്നിന്നാണ്.
മാര്‍ച്ച് മാസത്തില്‍ മാത്രം അമ്പതോളം ആളുകള്‍ ഇറ്റലിയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തി. ഫ്ളൈറ്റ് കിട്ടാതെ ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരില്‍ 58 ആളുകള്‍ രാജപുരം മേഖലയില്‍നിന്നുള്ളവരാണ്.
വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന കൊറോണ വൈറസ് ബാധയില്ലാത്തവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യാഗവണ്മെന്റ് നടപടികള്‍ തുടങ്ങി. ഇവരെ കൊണ്ടുവരാനുള്ള വിമാനം ഇന്നലെ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടു. 21 അംഗ ആദ്യ സംഘം ഇന്ന് രാവിലെ 8 മണിയോടെ നെടുമ്പാശ്ശേരിയിലെത്തി. രണ്ടാമത്തെ സംഘം നാളെ രാവിലെയെത്തും. എല്ലാവരും നാളെ രാവിലെയും വൈകീട്ടുമായി രാജപുരം മേഖലയിലെത്തും.
കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് പത്തുദിവസം കഴിഞ്ഞാല്‍മാത്രമേ രോഗലക്ഷണങ്ങള്‍ കാണിക്കുകയുള്ളൂ. പത്തുദിവസത്തിന് മുമ്പ് പരിശോധന നടത്തിയാലും ഫലം കിട്ടണമെന്നില്ല. ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ പരിശോധിച്ച് നാട്ടിലേക്ക് കൊണ്ടുവന്നാലും വരുന്നവര്‍ക്കെല്ലാം രോഗബാധ ഇല്ലെന്ന് ഉറപ്പിക്കാന്‍ കഴിയില്ലത്രെ. മാര്‍ച്ച് എട്ടാംതീയ്യതിവരെ ഒടയംചാലിനും പനത്തടിക്കുമിടയില് പതിനഞ്ചോളം ആളുകളാണ് ഇറ്റലിയില്‍ നിന്നും എത്തിയത്. അതിനുശേഷം 35 ഓളം ആളുകള്‍കൂടി എത്തി. ഇതോടെ മലയോരമേഖലയിലെ ജനങ്ങള്‍ വല്ലാത്ത ആശങ്കയിലാണ്. ആളുകള്‍ പഴയതുപോലെ വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നില്ല. ടൗണുകളില്‍ ജനങ്ങള്‍ ഇറങ്ങാത്തതുകൊണ്ട് ഹോട്ടലുകളിലും തട്ടുകടകളിലും കച്ചവടം നന്നേകുറഞ്ഞു. ഓട്ടോറിക്ഷകള്‍ക്കും ടാക്സികള്‍ക്കും ഓട്ടമില്ല. ക്രൈസ്തവ ദേവാലയങ്ങളില്‍ ദിവ്യബലിക്കിടയില്‍ വൈദികര്‍ നല്കുന്ന മുന്നറിയിപ്പുകളും മുസ്ലീംപള്ളികളില്‍ ഖത്തീബുമാര്‍ നല്കുന്ന മുന്നറിയിപ്പുകളും ജനങ്ങളെ കൂടുതല്‍ ബോധവല്ക്കരിക്കുന്നുണ്ട്. പ്രായമായവരോടും കുട്ടികളോടും കഴിയുന്നതും വീടിന് പുറത്തിറങ്ങിയുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് വൈദികരും ഖത്തീബുമാരും നിര്‍ദ്ദേശിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ ദിവ്യബലിയുടെ സമയം കുറച്ചിട്ടുണ്ട്. നോയമ്പുകാലമായിട്ടുപോലും പ്രായമായവരേയും കുട്ടികളേയും പള്ളിയില്‍ വരുന്നതിനെ വൈദികര്‍ നിരുത്സാഹപ്പെടുത്തുന്നത് രോഗത്തിന്റെ തീവ്രതയാണ് ബോധ്യപ്പെടുത്തുന്നത്.
ആദ്യം ഇറ്റലിയില്‍ നിന്നുമെത്തിയ പതിനഞ്ചോളംപേരെ ഒഴിഞ്ഞുകിടന്ന വീടുകളില്‍ താമസിപ്പിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും എത്തിയതിന്റെ തൊട്ടടുത്തദിവസം ചിലര്‍ ബന്ധുവീടുകളും അയല്‍വീടുകളും സന്ദര്‍ശിക്കുകയും ടൗണില്‍ കടകളില്‍ എത്തുകയും ചെയ്തതിന്റെ ആശങ്ക ജനങ്ങളില്‍ നിന്നും ഒഴിയുന്നില്ല. രാജപുരം മേഖലയില്‍ നിന്നുമാത്രം 800 ഓളം ആളുകള്‍ ഇറ്റലിയില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇറ്റലിയില്‍ പോകാന്‍ ഉന്നതവിദ്യാഭ്യാസം ആവശ്യമില്ല. പാസ്പോര്‍ട്ടുള്ള ആര്‍ക്കും ഇറ്റലിയില്‍ ജോലിക്കുപോകാം. വീടുകളില്‍ പ്രായമായവരെ പരിചരിക്കാനും പാചകത്തിനും നിരവധി ആളുകളെ ഇറ്റലിക്ക് വേണം. 75000 രൂപമുതല്‍ ഒന്നേകാല്‍ലക്ഷം രൂപവരെ ഇത്തരക്കാര്‍ക്ക് ശമ്പളം കിട്ടും. ഇതാണ് ഇറ്റലിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കാരണം. ഭര്‍ത്താവും മക്കളും നാട്ടിലുള്ള നിരവധി സ്ത്രീകള്‍ ഇറ്റലിയില്‍ പരിചാരകരായി ജോലിചെയ്യുന്നുണ്ട്. നഴ്സുമാര്‍, ഡിഗ്രിക്കാര്‍ തുടങ്ങിയവര്‍ക്കും ഇറ്റലിയില്‍ മികച്ച അവസരങ്ങളാണുള്ളത്. ഇന്നും നാളെയും ഇറ്റലിയില്‍ നിന്നും എത്തുന്നവരെ താമസിപ്പിക്കാന്‍ ടൗണിന് സമീപം ഒഴിഞ്ഞുകിടക്കുന്ന വീട് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ പരിസരവാസികള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
0 Comments