മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സി.കെ.ശ്രീധരന്‍ ഐ ഗ്രൂപ്പിന്റെ യോഗം വിളിച്ചു


കാഞ്ഞങ്ങാട്: ഒരുകൊല്ലം മുമ്പ് സജീവരാഷ്ട്രീയം ഉപേക്ഷിച്ച് എറണാകുളത്തേക്ക് താമസംമാറ്റാന്‍ ആലോചിച്ച മുന്‍ ഡി.ഐ.സി ജില്ലാ പ്രസിഡണ്ട് സി.കെ.ശ്രീധരന്‍ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യംവെച്ചാണ് സി.കെ.ശ്രീധരന്റെ തിരിച്ചുവരവെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. ഇന്നലെ ഹോസ്ദുര്‍ഗിലെ ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ജില്ലയിലെ ഐ ഗ്രൂപ്പുകാരുടെ യോഗം സി.കെ.ശ്രീധരന്‍ വിളിച്ചുചേര്‍ത്തു. യോഗത്തില്‍ പി.കെ.ചന്ദ്രശേഖരന്‍, വി.ഗോപി, പി.കെ.ഫൈസല്‍, ഡി.സി.സി സെക്രട്ടറി സുരേഷ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് മഞ്ഞകുഞ്ഞികൃഷ്ണന്‍, എച്ച്.ഭാസ്‌ക്കരന്‍, വിനോദ് ആവിക്കര, പ്രഭാകരന്‍ വാഴുന്നോറടി, അനില്‍ വാഴുന്നോറടി, മുങ്ങത്ത് രവി തുടങ്ങിയ ഇരുപത്തഞ്ചോളം ഐ ഗ്രൂപ്പുകാര്‍ പങ്കെടുത്തു.
ജില്ലയില്‍ ഐ ഗ്രൂപ്പിന്റെ നേതാവ് നീലകണ്ഠനല്ലെന്നും ഗ്രൂപ്പിന്റെ 'ഹോള്‍സെയില്‍ ഡീലര്‍' താനാണെന്നും സി.കെ.ശ്രീധരന്‍ ഐ ഗ്രൂപ്പ് യോഗത്തില്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചെങ്കിലും അത് വേണ്ടത്ര ഏശിയില്ല. നാളെ നെല്ലിത്തറയിലെ ഗ്രീന്‍വാലിയില്‍ വിപുലമായ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. എന്നാല്‍ സംഭവം അറിഞ്ഞ ഐ ഗ്രൂപ്പ് സംസ്ഥാന നേതൃത്വം സി.കെ.ശ്രീധരനോട് ഗ്രൂപ്പ് യോഗം മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കാസര്‍കോട്ടെ നീലകണ്ഠനെയാണ് ഐ ഗ്രൂപ്പ് സംസ്ഥാനനേതൃത്വം കാസര്‍കോട് ജില്ലയിലെ നേതാവായി അംഗീകരിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ നാളെ ചേരാനിരുന്ന യോഗം മാറ്റിയെന്നാണ് സി.കെ.ശ്രീധരന്‍ ഇന്നലെ ഗ്രൂപ്പ് യോഗത്തിനെത്തിയവരെ അറിയിച്ചിരിക്കുന്നത്.
പി.കെ.ഫൈസല്‍ പഴയ എ ഗ്രൂപ്പുകാരനാണ്. അടുത്തകാലത്ത് ഐ ഗ്രൂപ്പിലേക്ക് ചുവടുമാറ്റി. ലാഭം കിട്ടുന്നിടത്ത് നിലയുറപ്പിക്കുക എന്നതാണ് ഫൈസലിന്റെ നിലപാട്. 2015 ല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സി.കെ.ശ്രീധരനായിരുന്നു ഡി.സി.സി പ്രസിഡണ്ട്. സി.കെയുടെ പിടിവാശിമൂലമാണ് കാഞ്ഞങ്ങാട് നഗരസഭാഭരണം യുഡിഎഫിന് നഷ്ടപ്പെട്ടത്. വീണ്ടും സി.കെ തലപൊക്കിയത് അപകടസൂചനയാണെന്ന് ഐ ഗ്രൂപ്പുകാര്‍ പോലും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ചിറ്റാരിക്കാലിലെ ജയിംസ് പന്തമ്മാവനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതും സി.കെ.ശ്രീധരനും, എം.സി.ജോസും ചേര്‍ന്നാണ്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് അങ്ങനെയാണ്. പന്തമ്മാവന്‍ രൂപീകരിച്ച ഡി.ഡി.എഫ് പഞ്ചായത്ത് പിടിച്ചെടുത്തു. എം.സി.ജോസ് കുറച്ചുകാലമായി ഒതുങ്ങികൂടുകയാണ്. പുണ്യനഗരസന്ദര്‍ശനവും പ്രാര്‍ത്ഥനകളുമായി ആദ്ധ്യാത്മികത്തിന് പ്രാധാന്യം നല്‍കികഴിയുകയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറഞ്ഞു. പക്ഷേ ചാരായ തൊഴിലാളികളുടെ വിയര്‍പ്പിന്റെ വിലയായ ശ്രമിക്ക് ഭവനും അതിലെ വരുമാനവും സ്വയം അനുഭവിക്കുന്നതിന്റെ പാപഭാരം എവിടെതീരും എന്ന് അണികള്‍ ചോദിക്കുന്നുണ്ട്.

Post a Comment

0 Comments