നാരാംകുളങ്ങര ക്ഷേത്ര കവര്‍ച്ച: മോഷ്ടാവ് അറസ്റ്റില്‍


നീലേശ്വരം : കൊഴുന്തില്‍ നാരാംകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നും ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതിയെ 36 മണിക്കൂറിനകം പോലീസ് പിടികൂടി.
തിമിരി കണ്ണാടിപ്പാറ ചക്ലിയ കോളനിയിലെ ചെമ്പന്റെ മകന്‍ സതീശനെയാണ് (44) നീലേശ്വരം എസ്.ഐമാരായ മോഹനനും കൊടക്കാട് രാമചന്ദ്രനും മറ്റ് പോലീസുകാരും ചേര്‍ന്ന് അറസ്റ്റുചെയ്തത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചരകഴിഞ്ഞാണ് ക്ഷേത്രത്തിന് പുറത്തെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. ലുങ്കിയും ഷര്‍ട്ടും ധരിച്ച് ആയുധവുമായി എത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസി ക്യാമറയില്‍ നിന്നും ലഭിച്ചിരുന്നു. ഈ ദൃശ്യം വെച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടാനായത്. പൂട്ടുതകര്‍ക്കുന്നതും ഭണ്ഡാരത്തിലെ പണമെടുക്കുന്നതും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിരുന്നു. മൂവായിരം രൂപയോളമാണ് നഷ്ടപ്പെട്ടതെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ട്രസ്റ്റി ആനിക്കീല്‍ സോമരാജന്‍ നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ മേല്‍ശാന്തി പട്ടേനയിലെ കല്ലമ്പള്ളി ഗോവിന്ദന്‍ നമ്പൂതിരിയാണ് മോഷണം നടന്നതായി മനസ്സിലാക്കിയത്. കഴിഞ്ഞ ജൂലായ് നാലിനും ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. ഉപദേവന് ചാര്‍ത്തിയ ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണമാണ് അന്ന് മോഷ്ടിച്ചത്.
നീലേശ്വരം പോലീസ് മോഷ്ടാവിനെ പിടികൂടി ആഭരണം കണ്ടെടുത്തിരുന്നു. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കും.
  

Post a Comment

0 Comments