പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി


കരിന്തളം: കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ കോയിത്തട്ട കുടുംബശ്രീ ഹാളില്‍ നടന്നു .
നീര്‍ത്തട പരിപാലന പദ്ധതിക്കും ജൈവ കൃഷി പ്രോത്സാഹനത്തിനും മാലിന്യ സംസ്‌ക്കരണ പദ്ധതിക്കും പ്രകൃതി സൗഹൃദ പദ്ധതികള്‍ക്കുമാണ് ഗ്രാമപഞ്ചായത്ത് മുന്‍തൂക്കം കൊടുത്തിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് നേരിടുന്ന ഏറ്റവും വല്യ ദുരന്തം വരള്‍ച്ചയാണ് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കിണര്‍ റീചാര്‍ജ് ,മഴവെള്ള സംഭരണി ,ജലാശയ ശുചീകരണം ,കൃഷി സാര്‍വ്വത്രികമാക്കല്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണ നയം കൂടി പഞ്ചായത്ത് മുന്നോട്ട് വെക്കുന്നു. അതോടൊപ്പം ആരോഗ്യം വിദ്യാഭ്യാസം ,പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ശാക്തീകരണം, മൃഗസംരക്ഷണ മേഖലയിലെ ശക്തമായ ഇടപെടല്‍, അംഗന്‍വാടികള്‍ ശിശു സൗഹൃദമാക്കല്‍, യുവജനങ്ങളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കല്‍ എന്നിവയും ലക്ഷ്യമിടുന്നു. വിദ്യാലയം ഹൈടെക്ക് ആകുന്നതോടൊപ്പം വിദ്യാലയ അന്തരീക്ഷം ഹരിതവത്ക്കരിക്കുക, പൊതു ജലാശയങ്ങളുടെ കരയിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രം , ജൈവവേലി എന്നിവ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമാക്കുക എന്നിവയാണ് ഈ വാര്‍ഷിക പദ്ധതിയിലൂടെ പഞ്ചായത്ത് മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാട്. സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ അനിത അധ്യക്ഷയായി.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജമ്മ ബെന്നി കരട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍, സെക്രട്ടറി എന്‍ മനോജ് എന്നിവര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളെ അധികരിച്ച് വിഷയാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടന്നു.

Post a Comment

0 Comments