പക്ഷിപ്പനി: പരപ്പനങ്ങാടിയില്‍ പക്ഷിവേട്ട തുടരുന്നു


മലപ്പുറം: കോഴിക്കോടിന് പുറമെ പക്ഷിപ്പനി ഭീതിയില്‍ മലപ്പുറവും. മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ കോഴികളേയും വളര്‍ത്തുപക്ഷികളേയും കൊന്നൊടുക്കാന്‍ തുടങ്ങി. പരപ്പനങ്ങാടി പാലത്തിങ്ങലില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നാലായിരത്തോളം കോഴികളേയും വളര്‍ത്തു പക്ഷികളേയുമാണ് കൊന്നൊടുക്കുക.
റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളാണ് കോഴികളേയും പക്ഷികളേയും കൊന്ന് സംസ്‌കരിക്കുക. ആറ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പത്ത് റെസ്‌പോണ്‍സ് ടീമുകളാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടമാണ് ഇവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പാലത്തിങ്ങലിലെ ഒരു വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന ഫാമിലെ കോഴികള്‍ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്നു സാമ്പിളുകളില്‍ രണ്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തെ മുഴുവന്‍ പക്ഷികളേയും കൊന്നൊടുക്കാന്‍ അടിയന്തിര തീരുമാനമെടുത്തത്. മൂന്നു ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കാനാണ് ടീമിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രദേശത്തു നിന്നും കോഴികളേയും പക്ഷികളേയും മാറ്റുന്നത തടയാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments