കൊറോണ: ഗള്‍ഫ് പ്രവാസികള്‍ക്ക് ജന്മനാട്ടിലെത്താന്‍ തടസ്സം നേരിടും


ദുബായ്: ലോകരാജ്യങ്ങളെ ഒന്നടങ്കം ഭീതിയുടെമുനയില്‍ നിറുത്തിയിരിക്കുകയാണ് കൊറോണ വൈറസ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മലയാളികളടക്കമുള്ള പ്രവാസികളും ആശങ്കയിലായി. പലയിടങ്ങളിലും യാത്രകളിലും നിയന്ത്രണം വന്നുകൊണ്ടിരിക്കുകയാണ്. ചില രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുമുണ്ട്. യാത്ര ചെയ്യണണെങ്കില്‍ ചില രാജ്യങ്ങള്‍ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെടുന്നുണ്ട്. ഇത് പ്രവാസികളുടെ യാത്രകളെയും അവതാളത്തിലാക്കി.
രാജ്യത്തേക്കുള്ള ടൂറിസ്റ്റ് വിസകള്‍ നിറുത്തിവച്ചു. അതുകൂടാതെ ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടിനുപകരം ഐ.ഡി. കാര്‍ഡ് ഉപയോഗിച്ചുള്ള സഞ്ചാരസ്വാതന്ത്ര്യവും താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. നാട്ടിലേക്കു പോയിക്കഴിഞ്ഞാല്‍ പിന്നീട് തിരിച്ചുവരാന്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടാവുമോ എന്നതാണ് പ്രവാസികള്‍ക്കിടയിലെ പ്രധാന ആശങ്ക. അതിനിടെയാണ് യാത്ര ചെയ്യണമെങ്കില്‍ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റും കയ്യില്‍ വേണമെന്ന കുവൈറ്റിന്റെ ആവശ്യപ്പെടല്‍. കുവൈറ്റ് ഇപ്പോള്‍ മുന്നോട്ടുവച്ച ഉപാധി മറ്റു രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമോയെന്ന ആശങ്കയാണ് മിക്ക പ്രവാസികള്‍ക്കും. മാര്‍ച്ച് എട്ടുമുതലാണ് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി കുവൈറ്റ് വ്യവസ്ഥ വച്ചിരിക്കുന്നത്.
അതത് രാജ്യത്തെ കുവൈറ്റ് എംബസികളുടെ അംഗീകൃത വൈദ്യകേന്ദ്രങ്ങളില്‍നിന്ന് സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം വേണമെന്നാണ് വ്യവസ്ഥ. നാട്ടില്‍നിന്ന്, വൈറസ് ബാധിതയില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ലഭിക്കുന്നതിന് യാത്രക്കാര്‍ക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടിവരും. വിസയുടെ കാലാവധി തീരാനായവരും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കേണ്ടവരുമെല്ലാം പുതിയ വ്യവസ്ഥയോടെ ആകെ അങ്കലാപ്പിലാണ്.

Post a Comment

0 Comments