നിയമസഭയില്‍ 'കള്ള റാസ്‌ക്കല്‍'; മന്ത്രി ജയരാജനെതിരെ പരാതി


തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രി ഇപി ജയരാജന്‍ മോശം പരാമര്‍ശം നടത്തിയെന്ന പരാതി ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷ എം.എല്‍.എ ഷാഫി പറമ്പിലിനെതിരെ നിയമസഭയില്‍ വെച്ച ് ഇ.പി.ജയരാജന്‍ 'കള്ള റാസ്‌കല്‍' എന്ന് വിളിച്ചിരുന്നു. മൈക്കിലൂടെയായിരുന്നു വിളി. എന്തും പറയാമെന്ന തരത്തില്‍ ഒരു മന്ത്രി പെരുമാറാന്‍ നിയമസഭ എന്താ ചന്തയാണോ എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനുള്ള നീക്കം സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനിടെയായിരുന്നു ഇ.പി ജയരാജന്റെ പരാമര്‍ശം.
ഇ.പി ജയരാജനെതിരെ നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണം. മന്ത്രി ഇപി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റുകയാണ് വേണ്ടത്. മന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുമ്പ് എം.വി ജയരാജന്‍ ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
ഇ.പി.ജയരാജന്‍ മന്ത്രിയായതുമുതല്‍ വിവാദങ്ങളുടെ നടുവിലാണ്. കായിക വകുപ്പ് മന്ത്രികൂടിയായ ജയരാജന്‍ അഞ്ജുബോബി ജോര്‍ജിനെ അപമാനിച്ചതായി വിവാദം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഭാര്യയുടെ ബന്ധുവായ പി.കെ.ശ്രീമതിയുടെ മകന് കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ നിയമനം നല്‍കി മന്ത്രികസേരയില്‍ നിന്നും പുറത്തായത്. പിന്നീട് ഏതാനും നാളുകള്‍ക്ക് ശേഷമാണ് ജയരാജന്‍ മന്ത്രികസേരയില്‍ തിരിച്ചെത്തുന്നത്. ഇതിനുശേഷം വിവാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പരമാവധി ജയരാജന്‍ ശ്രമം നടത്തിയെങ്കിലും ബിപി കൂടി വായില്‍ വന്നത് വിളിച്ചുപറയുകയായിരുന്നു. ഇത് നിയമസഭാ ഹാളിലെ മൈക്കിലൂടെയായതാണ് ജയരാജന് വിനയായിരിക്കുന്നത്.

Post a Comment

0 Comments