ബളാലിലെ വ്യാജവൈദികനെ പോലീസ് മാനസീകരോഗാശുപത്രിയിലേക്ക് മാറ്റി


വെള്ളരിക്കുണ്ട്: പുരോഹിതന്റെ വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്ന ബളാലിലെ ഓമനയുടെ മകന്‍ പറയിടം ജോബിന്‍തോമസ് എന്ന സെബിനെ (35) വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്ത് കോഴിക്കോട് മാനസീക ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
പാലക്കാട് മുണ്ടൂരിലെ സീനായ് ധ്യാനകേന്ദ്രത്തില്‍ വൈദികവേഷം ധരിച്ച് സെബിന്‍ ധ്യാനത്തില്‍ സംബന്ധിക്കുകയും മറ്റ് വൈദികരോടൊപ്പം ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 1 നാണ് സെബിന്‍ ധ്യാനകേന്ദ്രത്തിലെത്തിയത്. ദിവ്യബലിക്കിടയില്‍ മറ്റ് വൈദികര്‍ തന്നെ ശ്രദ്ധിക്കുന്നതായി മനസ്സിലാക്കിയ സെബിന്‍ അള്‍ത്താരയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സെബിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പരിശോധനയില്‍ രോഗലക്ഷണങ്ങളൊന്നും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ തങ്ങളുടെ സംശയം ആശ്രമം അധികൃതര്‍ പോലീസില്‍ അറിയിക്കുകയും പോലീസ് എത്തി സെബിനെ ചോദ്യം ചെയ്യുകയുമുണ്ടായി. ഇതോടെ തട്ടിപ്പ് പൊളിഞ്ഞു. അവിടെനിന്നും രക്ഷപ്പെട്ട സെബിന്‍ ഇന്നലെ രാത്രി ബളാലിലെത്തി. മാതാവ് ഓമനയെ അക്രമിക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ ഓമന നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാര്‍ ഓടിക്കൂടി മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. പുലര്‍ച്ചെ പോലീസെത്തി കസ്റ്റഡിയിലെടുത്ത് മാനസീക ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്.
മുമ്പ് കാസര്‍കോട് ജില്ലയില്‍ നിരവധി തട്ടിപ്പുകള്‍ നടത്തുകയും പോലീസിന്റെ പിടിയിലാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രതിക്കെതിരെ കൂടുതല്‍ നടപടിയെടുക്കാന്‍ പോലീസിന് കഴിയുന്നില്ല. മംഗലാപുരത്തെ ഒന്നിലധികം മാനസികരോഗ വിദഗ്ധന്മാരില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി സെബിന്‍ കയ്യില്‍സൂക്ഷിച്ചിട്ടുണ്ട്. മാനസികരോഗത്തിന് വര്‍ഷങ്ങളായി ചികിത്സ നടത്തുന്നതിന്റെ രേഖകളും ഇതിനൊപ്പമുണ്ട്. ഇതാണ് പോലീസ് നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ കാരണം. ഒരുകൊല്ലം മുമ്പ് കാഞ്ഞങ്ങാട്ടെ ചിത്രാ ഡിന്നര്‍സെറ്റില്‍ നിന്നും നാല് ജനറേറ്ററുകള്‍ വാടകയ്‌ക്കെടുത്ത് കൊണ്ടുപോയി മറിച്ചുവിറ്റിരുന്നു. ഏതെങ്കിലും പള്ളികളില്‍ നിന്നും വിളിക്കുന്നുവെന്ന് പറഞ്ഞ് സെബിന്‍ ആദ്യം വിളിക്കും. പിന്നീട് ലക്ഷ്യം നേടും. സീനായി ധ്യാനകേന്ദ്രത്തില്‍ ഒരു ആശ്രമം സുപ്പീരിയര്‍ വിളിക്കുന്നുവെന്ന് പറഞ്ഞാണ് ധ്യാനത്തിന് സീറ്റ് ബുക്ക്‌ചെയ്തത്.
പല കന്യാസ്ത്രീ മഠങ്ങളിലും സെബിന്‍ വൈദികവേഷത്തില്‍ കയറിച്ചെല്ലുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

0 Comments