മലയോരത്തിന് പ്രാധാന്യം നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതൃനിര


കാഞ്ഞങ്ങാട്: യൂത്ത് കോ ണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ ബി.പി.പ്രദീപ് കുമാര്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി.
ജില്ലയില്‍ കെ.എസ്.യുവിനെ പ്രവര്‍ത്തനസജ്ജമാക്കിയ മികവിലൂടെയാണ് പ്രദീപ്കുമാര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഐ ഗ്രൂപ്പിലെതന്നെ മനാഫ് നുള്ളിപ്പാടിയെയാണ് പ്രദീപ് കുമാര്‍ പരാജയപ്പെടുത്തിയത്. 3756 പേര്‍ വോട്ട് ചെയ്തതില്‍ നിന്നും പ്രദീപ് കുമാറിന് 1706 വോട്ടുകളും മനാഫിന് 1473 വോട്ടുകളുമാണ് ലഭിച്ചത്. 296 പേര്‍ ആര്‍ക്കും വോട്ട് ചെയ്തില്ല. 281 വോട്ടുകള്‍ അസാധുവായി.
2012 മുതല്‍ 2016 വരെ കെ എസ് യു ജില്ലാ പ്രസിഡണ്ടായിരുന്നു കോടോം-ബേളൂര്‍ പറക്കളായി സ്വദേശിയായ പ്രദീപ് കുമാര്‍. കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിനു ഹൈബി ഈഡന്‍ വീട് വച്ചുകൊടുത്തപ്പോള്‍ നിര്‍മാണ ചുമതല ഏല്‍പിച്ചത് പ്രദീപിനെയായിരുന്നു. 2015ല്‍ മഡിയന്‍ കൂലോം ക്ഷേത്രത്തിലെ പാട്ടുത്സവത്തിനു പീഠം എഴുന്നള്ളിപ്പിനിടെ സി പി എമ്മിന്റെ അക്രമണത്തിനിരയായിരുന്നു. നാളെ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് ശേഷം സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ കാസര്‍കോട് വെച്ച് ജില്ലാ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കും. ഇന്നലെ പ്രസിഡണ്ടായി പ്രഖ്യാപിച്ച ഉടന്‍ കല്യോട്ടെ രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തിലും വീടുകളിലും സന്ദര്‍ശനം നടത്തിയശേഷം ഡി.സി.സി ഓഫീസിലെത്തി നേതാക്കളുടെ അനുഗ്രഹം വാങ്ങി. പെരിയയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ഗംഗാധരന്‍ നായരേയും സന്ദര്‍ശിച്ചു. കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ എത്തിക്കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു.
കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ ജോമോന്‍ ജോസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും നോയല്‍ ടോമിന്‍ ജോസഫ് സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നോയല്‍ പാണത്തൂര്‍ സ്വദേശിയും ജോമോന്‍ ബളാല്‍ സ്വദേശിയുമാണ്. പ്രധാന സംസ്ഥാന ഭാരവാഹികളില്‍ പലരും മലയോര പ്രദേശവാസികളാണ്. കെ.ആര്‍.കാര്‍ത്തികേയന്‍, ടി.രാഗേഷ്, സത്യനാഥന്‍ പാത്രവളപ്പില്‍, എം.ഇസ്മാഈല്‍, സി.കെ.സ്വരാജ്, ടി.കെ.ഷജിത്ത്, ഷുഹൈബ് ബിന്‍ സുബൈര്‍, കെ.ജയപ്രകാശന്‍ എന്നിവരാണ് ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍.
സോണി സെബാസ്റ്റ്യന്‍ (തൃക്കരിപ്പൂര്‍), സന്തു ടോം ജോസ് (ഹൊസ്ദുര്‍ഗ്), എം.കെ അനൂപ് (ഉദുമ), മാത്യു തോമസ് (കാസര്‍കോട്), ഇര്‍ഷാദ് (മഞ്ചേശ്വരം) എന്നിവരെ നിയോജക മണ്ഡലം പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.

Post a Comment

0 Comments