ജയ്പൂര്‍: കൊറോണയ്ക്ക് എച്ച്.ഐ.വി ചികിത്സയുടെ മരുന്ന് നല്കിയ ദമ്പതികളുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇറ്റാലിയന്‍ ദമ്പതികളായ 69കാരനായ പുരുഷനും 70കാരിയായ ഭാര്യക്കുകമായിരുന്നു എച്ച്.ഐ.വിയുടെ മരുന്ന് നല്‍കിയത്. രണ്ടാം തരത്തിലുള്ള എച്ച്.ഐ.വി മരുന്നുകളാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. രണ്ട് തവണ ഫലം പരിശോധിച്ചതായും, ദമ്പതികള്‍ക്ക് കൊറോണയില്ലെന്നും രാജസ്ഥാനിലെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ വ്യക്തമാക്കി. ഫെബ്രുവരി 28 ന് ദുബായില്‍ നിന്നെത്തിയ 85 കാരനും ഫലം നെഗറ്റീവാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്താദ്യമായി എച്ച്.ഐ.വി മരുന്ന് കൊറോണ ചികിത്സയ്ക്കായി നല്‍കിയത് ജയ്പൂരിലാണ്. രണ്ട് ഇറ്റാലിയന്‍ രോഗികളുടെ ചികിത്സയ്ക്കായി ഇന്ത്യ ആദ്യമായി എച്ച്.ഐ.വി ബാധിതര്‍ക്കു നല്‍കാറുള്ള ലോപിനാവിര്‍, റിറ്റോനാവിര്‍ മരുന്നുകളുടെ കോമ്പിനേഷന്‍ ഉപയോഗിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്ധന് വ്യക്തമാക്കിയിരുന്നു. 85 വയസുകാരനും ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കിയതായി സംസ്ഥാന ആരോഗ്യ അധികൃതര്‍ അറിയിച്ചു.
ഇവരുടെ അവസ്ഥ കൂടുതല്‍ വഷളാകുന്നതിനെ തുടര്‍ന്നാണ് ഈ മരുന്ന് നല്‍കിയത്. കൂടാതെ പ്രായമായവരുടെ മരണനിരക്ക് ഉയര്‍ന്നുവരുന്നതായും ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് ഈ മരുന്നുകള്‍ നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനായി രോഗികളുടെ സമ്മതവും, ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്) അനുമതിയും വാങ്ങിയിരുന്നു. മയക്കുമരുന്നുകള്‍ കൊറോണയെ തടുക്കാന്‍ എത്രമാത്രം ഫലപ്രദമാണെന്ന് 199 വിഷയങ്ങളില്‍ ചൈന ടെസ്റ്റ് നടത്തിയിരുന്നു.
അതേസമയം, മരുന്നുകളുടെ ഫലപ്രാപ്തിയുടെ തെളിവായി രാജസ്ഥാനിലെ ഫലങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ഐ.സി.എം.ആര് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. 'ചൈനയിലെ വലിയ പരീക്ഷണത്തിന്റെ ഫലങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കും,' പകര്‍ച്ചവ്യാധി ചികിത്സാവിഭാഗം മേധാവി ഡോ. രാമന് ആര്. ഗംഗാഖേദ്കര്‍ വ്യക്തമാക്കി.
ഇറ്റലിയിലെ വയോധിക ദമ്പതികളിലെ ഭര്‍ത്താവിനെ മാര്‍ച്ച് മൂന്നിനും ഭാര്യയ്ക്ക് തൊട്ടടുത്ത ദിവസവുമാണ് കൊറോണ സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ നടത്തുന്ന സവായ് മന് സിംഗ് (എസ്.എം.എസ്) ആശുപത്രിയുടെ കീഴിലുള്ള പകര്‍ച്ചവ്യാധി ആശുപത്രിയില്‍ ഇരുവരെയും ക്വാറന്റൈന് ചെയ്തിരുന്നു.
0 Comments