കൊല്ലം: ആറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെടുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട്, വീടുമായി അടുത്തബന്ധമുള്ള ഒരാള്‍ക്കെതിരേ ബന്ധുക്കള്‍ പോലീസിനു മൊഴി നല്കി. ഇയാളെയും, നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മറ്റു മൂന്നുപേരെയും പോലീസ് നിരീക്ഷിച്ചുവരികയാണ്.
വീടുമായി അടുപ്പമുള്ളവരുടെയെല്ലാം പട്ടിക പോലീസ് തയാറാക്കി. മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയവരില്‍ സംശയമുള്ളവരെ വിശദമായി ചോദ്യം ചെയ്തു. കുട്ടിയുടെ തിരോധാനത്തിനുശേഷം അവരുടെ പെരുമാറ്റം, ഫോണ്‍ കോളുകള്‍, പ്രദേശത്തെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണസംഘം വിലയിരുത്തി. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തി. സാഹചര്യത്തെളിവുകളും പരിശോധിച്ചുവരുന്നു.
കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടിലേക്കു കടന്നുവന്നയാള് ആരെന്ന് കണ്ടെത്താനാണു പോലീസിന്റെ ശ്രമം. അമ്മയ്ക്കും മുത്തച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമല്ലാതെ വീടിനു പുറത്തേക്കു പോകാത്ത ദേവനന്ദ ഒറ്റയ്ക്ക് 200 മീറ്ററോളം ദൂരം എങ്ങനെ പോയെന്നാണു മാതാപിതാക്കളും ബന്ധുക്കളും ഉയര്‍ത്തുന്ന ചോദ്യം. കാണാതാകുന്നതിനു തൊട്ടുമുമ്പ്, അമ്മ തുണി അലക്കുന്നിടത്തേക്കു കുട്ടി ചെന്നിരുന്നു. എന്നാല്‍, ഉറങ്ങിക്കിടക്കുന്ന ഇളയകുഞ്ഞിനു കൂട്ടിരിക്കാന്‍ പറഞ്ഞ് തിരിച്ചയച്ചു.
അതിനുശേഷം ആരോ വീട്ടില്‍ വന്നെന്നാണ് സംശയം. ചെരുപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി ആറ്റിന്‍കരയിലെത്തിയതില്‍ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. വീട്ടിലെ ഹാളില്‍ മൂന്നുമാസം പ്രായമുള്ള അനുജനൊപ്പം ഇരിക്കുമ്പോഴാണു ദേവനന്ദയെ കാണാതായത്.
ഹാളില്‍ത്തന്നെ ഉണ്ടായിരുന്ന ചെരുപ്പിന്റെ മണം പിടിച്ചാണു പോലീസ് ഡോഗ് സ്ക്വാഡിലെ നായ വീടിനു പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ ആറ്റുതീരത്തേക്കും ഓടിയെത്തിയത്. വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്ക് നടന്നുപോയെന്ന് ആരും വിശ്വസിക്കുന്നില്ല. കാണാതായ ദിവസം ദേവനന്ദ വീടിനുള്ളില്‍ നിന്നപ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നു. അമ്മ തുണി കഴുകുന്നിടത്തേക്കു വന്നപ്പോള്‍ ഷാള്‍ ഇല്ലായിരുന്നു. എന്നാല്‍, മൃതദേഹത്തിനു സമീപത്തുനിന്ന് ഷാള്‍ ലഭിക്കുകയും ചെയ്തു.
നന്നായി അറിയുന്ന ആരെങ്കിലും കൂട്ടിക്കൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എടുത്തുകൊണ്ടു പോയതിനാലാകാം ചെരുപ്പിടാതിരുന്നതെന്നും പോലീസ് സംശയിക്കുന്നു. ചെരുപ്പില്ലാതെ, ദുര്‍ഘടവഴിയിലൂടെ നടന്ന് കുട്ടി ആറ്റുതീരത്തെത്തില്ലെന്ന സംശയം പോലീസ് ഗൗരവമായി അന്വേഷിക്കുന്നു. കുട്ടി ഒറ്റയ്ക്കു പോയതാണെങ്കില്‍ വീടിനു മുന്നിലെ റോഡിലൂടെയാണ് പോകേണ്ടത്. എന്നാല്‍, പോലീസ് ഡോഗ് സ്ക്വാഡിലെ നായ മണത്തുപോയത് ആ വഴിക്കല്ല.
0 Comments