മദ്യശാലകള്‍ പൂട്ടില്ലെന്ന് സര്‍ക്കാര്‍; മാര്‍ഗനിര്‍ദ്ദേശവുമായി ബെവ്‌കോ


കാഞ്ഞങ്ങാട്: കോവിഡ് 19 കാലത്ത് മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന നിലപാട് പ്രതിപക്ഷം ആവര്‍ത്തിക്കുമ്പോള്‍ അത് നടപ്പില്ലെന്നും വരിനില്‍ക്കുന്നത് ഒഴിവാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍. മദ്യശാലകള്‍ ഒറ്റയടിക്ക് അടച്ചുപൂട്ടുന്നത് മറ്റു പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.ബോധം മറയുവോളം മദ്യം കഴിക്കുന്നവരുണ്ടെന്നതിനാല്‍ ലഭ്യത പൂര്‍ണമായും നിര്‍ത്തലാക്കുന്നത് വിപരീതഫലം സൃഷ്ടിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
പൂട്ടണമെന്ന ആവശ്യം കഴിഞ്ഞദിവസവും വി.എം.സുധീരന്‍ ആവര്‍ത്തിച്ചു. തല്‍ക്കാലം പറ്റില്ലെന്ന നിലപാടാണ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ കൈക്കൊണ്ടത്. ജാഗ്രത തുടരുമ്പോള്‍ തന്നെ കച്ചവടസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, തിരക്കുകുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കുലര്‍ ഇറക്കി. മദ്യം വാങ്ങിക്കഴിഞ്ഞും മുമ്പും കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണം. മദ്യം വാങ്ങാനെത്തുന്നവര്‍ തൂവാലയോ മാസ്‌കോ ധരിച്ചു വരണം.
പനി, ചുമ, ജലദോഷ ലക്ഷണങ്ങളുള്ളവര്‍ മദ്യശാലയിലേക്കു വരരുതെന്നും സര്‍ക്കുലറിലുണ്ട്.ഇതിനിടയില്‍ മദ്യം വാങ്ങാന്‍ ക്യൂനില്‍ക്കുന്നവര്‍ ഒരു മീറ്റര്‍ അകലം പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് കാഞ്ഞങ്ങാട് ബീവറേജസ് ഔട്ട്‌ലെറ്റില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.

Post a Comment

0 Comments