നിബന്ധനകള്‍ക്ക് പുല്ലുവില; ആര്‍ക്കുമാകാം പാര്‍ട്ടി അംഗം


നീലേശ്വരം: സി.പി.എമ്മില്‍ പാര്‍ട്ടി അംഗത്വം ലഭിക്കാന്‍ പല കടമ്പകള്‍ കടക്കണമെന്നത് പഴങ്കഥ. ഇന്ന് ആര്‍ക്കും അംഗത്വം ലഭിക്കുന്ന സ്ഥിതിയാണുള്ളത്. പാര്‍ട്ടിയിലെ അംഗസംഖ്യ വര്‍ധിപ്പിച്ചു കാണിക്കാനാണ് ഈ പുതിയ തന്ത്രം.
നീലേശ്വരം ഏരിയയ്ക്കകത്താണ് ഇത്തരത്തില്‍ യാതൊരു മാനദണ്ഡവുമില്ലാതെ അംഗത്വം നല്‍കുന്നത്. പാര്‍ട്ടി അംഗത്വം പുതുക്കുന്നതും, ചേര്‍ക്കുന്നതുമായ പ്രക്രിയ ഇപ്പോള്‍ നടന്നുവരികയാണ്. മുന്‍ കാലങ്ങളില്‍ അനുഭാവി ഗ്രൂപ്പിലെടുത്ത് അവരെ നിരീക്ഷിച്ച്, ക്ലാസുകളും നല്‍കിയാണ് കാന്‍ഡിഡേറ്റ് അംഗത്വം നല്‍കുക. തുടര്‍ന്ന് വീണ്ടും ആ വ്യക്തിയുടെ പ്രവര്‍ത്തനം വിലയിരുത്തി മാത്രമേ പൂര്‍ണ അംഗത്വം നല്‍കുമായിരുന്നുള്ളൂ. ഇതിന് ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കണം. എന്നാല്‍ നിലവില്‍ മൂന്ന് വര്‍ഷത്തിനകം പൂര്‍ണ അംഗത്വം ലഭിക്കുന്ന സ്ഥിതിയാണുള്ളത്. ക്ലാസുകളോ, നിരീക്ഷണങ്ങളോ ഇല്ലാതെ തന്നെയാണ് ഇത്. ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത് ബ്രാഞ്ച് യോഗങ്ങള്‍ ചേര്‍ന്ന് ഓരോരുത്തരെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്ത് അംഗത്വം നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ തന്നെയുള്ള ആക്ഷേപം. മദ്യപാനികളേയോ, മറ്റ് സ്വഭാവദൂഷ്യങ്ങളുള്ളവരേയോ അംഗങ്ങളാക്കരുതെന്നുമുണ്ട്. എന്നാല്‍ നീലേശ്വരം ഏരിയക്കകത്ത് ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്ന വിമര്‍ശനമുണ്ട്. പ്രാദേശിക, ഏരിയാ നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്ത് ഏരിയക്ക് കീഴില്‍ ഇത്തവണ നിരവധി പേര്‍ അംഗത്വം ഉപേക്ഷിച്ചിട്ടുണ്ട്. ഇതു മറച്ചുവയ്ക്കാനാണത്രേ നിയമാവലികള്‍ കാറ്റില്‍ പറത്തി പലര്‍ക്കും അംഗത്വം നല്‍കുന്നത്. ഏരിയക്കകത്തെ പുതിയ അംഗത്വങ്ങള്‍ മേല്‍ഘടകം വിശദമായ പരിശോധനക്ക് വിധേയമാക്കി തെറ്റുകള്‍ തിരുത്തണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

Post a Comment

0 Comments