വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം; പിന്നില്‍ അവയവക്കച്ചവട മാഫിയയെന്ന് സംശയം


കരുനാഗപ്പള്ളി: സംസ്ഥാനത്ത് കാണാതെ പോകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാണാതെപോകുന്ന ഈ കുട്ടികളൊക്കെ എവിടെപ്പോകുന്നു ഭിക്ഷാടന മാഫിയയാണോ ഇതിന് പിന്നില്‍ അതോ വേറെ വല്ലവരുമോ കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച തമിഴ്‌നാട്ടുകാരിയായ നാടോടി സ്ത്രീയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്.
തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ജ്യോതിലിംഗമാണ് (76) പിടിയിലായത്. കുട്ടിയെ കൊണ്ടുവന്നു തന്നാല്‍ പൈസ തരാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞെന്നും, മയിലണ്ണന്‍ എന്നയാളാണ് തന്നെ ലോറിയില്‍ കൊണ്ടുവന്നതെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഡോക്ടര്‍ എന്തിനാണ് ഒരു കുട്ടിയെ കൊണ്ടുവരാന്‍ പറയുന്നത് ഇവര്‍ പറഞ്ഞത് സത്യമാണെങ്കില്‍ സംഭവത്തിന് പിന്നില്‍ അവയവക്കച്ചവട മാഫിയ ആകാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ പറ്റില്ല.
അതേസമയം,ജ്യോതിലിംഗം പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും, ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജ്യോതിയെ കോടതിയില്‍ ഹാജരാക്കും.
തുറയില്‍കുന്ന് എസ്.എന്‍ യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയും, തുറയില്‍കുന്ന് ചെറുചങ്ങനാട്ട് വീട്ടില്‍ നോയല്‍ ഷാനി ദമ്ബതികളുടെ മൂത്ത മകളുമായ ജാസ്മിനെയാണ് (9) ഇന്നലെ രാവിലെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. രാവിലെ സ്‌കൂളില്‍ പോകാന്‍ യൂണിഫോം ധരിച്ചെത്തിയ ജാസ്മിനെ അടുത്തുള്ള കടയില്‍ നിന്ന് മുളക് പൊടി വാങ്ങാന്‍ അമ്മ പറഞ്ഞുവിട്ടു. ഈ സമയം പ്രാകൃതവേഷം ധരിച്ച് നടന്നുവരുകയായിരുന്ന നാടോടി സ്ത്രീ 'മോളെ വരുന്നോ'യെന്ന് ചോദിച്ച് കൈയില്‍ കടന്നുപിടിച്ചു. പേടിച്ച് നിലവിളിച്ച് പെണ്‍കുട്ടി അടുത്തുള്ള ഷാജിയുടെ വീട്ടില്‍ ഓടിക്കയറി വിവരം പറഞ്ഞു. അപ്പോഴേക്കും നാടോടി സ്ത്രീ ഏറെ ദൂരം പോയിരുന്നു. തുടര്‍ന്ന് യുവാക്കള്‍ ബൈക്കിലെത്തി തുറയില്‍കുന്ന് ക്ഷേത്രത്തിന് സമീപം വച്ച് ഇവരെ തടഞ്ഞുനിര്‍ത്തുകയും ശേഷം പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

Post a Comment

0 Comments