ലക്ഷങ്ങള്‍ കൈകാര്യംചെയ്യുന്ന കെഎസ്ആര്‍ടിസിയില്‍ കാവല്‍ക്കാരില്ല- ഐഎന്‍ടിയുസി


കാസര്‍കോട്: ജില്ലയിലുടനീളം നൂറില്‍പരം സര്‍വ്വീസുകള്‍ നടത്തി ദിവസേന പതിമൂന്നുലക്ഷത്തിലധികം രൂപ വരുമാനം കൊണ്ടുവരുന്ന ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയില്‍ സെക്യൂരിറ്റിയില്ലാതെ ഭയത്തോടെ കഴിയുകയാണ് വനിതകളുള്‍പ്പെടുന്ന ജീവനക്കാര്‍.
സ്ഥാപനത്തിനകത്ത് ഒരു സര്‍ജന്റും എട്ടോളം ഗാര്‍ഡുമാരുമാണ് വേണ്ടത്. രണ്ട് സ്ഥിരം ഗാര്‍ഡില്‍ ഒരാള്‍ മെഡിക്കല്‍ അവധിയിലാണ്. രാത്രികാലഘട്ടങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ വിഹരിക്കുന്ന ഡിപ്പോയില്‍ ഒരു പോലീസ് എയ്ഡ്‌പോസ്റ്റ് പോലും നിലവിലില്ല. ഡ്യൂട്ടി അവസാനിച്ച് പണമടക്കാനും തിരിച്ച് താമസസ്ഥലത്തേക്ക് പോകാനും വളരെയധികം ഭയപ്പാടോടെയാണ് വനിതാ ജീവനക്കാര്‍ ഡിപ്പോയില്‍ കഴിഞ്ഞുകൂടുന്നത്. രാത്രികാലഘട്ടങ്ങളില്‍ സര്‍വ്വീസ് ഓപ്പറേഷനുകള്‍ നടത്തുന്ന കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറുടെ ചുമതലയിലായിരിക്കുകയാണ് രാത്രികാലങ്ങളിലെ ഗാര്‍ഡ് ഡ്യൂട്ടി. സര്‍ജന്റിന്റെയും ഗാര്‍ഡിന്റെയും ഒഴിവുകളുണ്ടായിട്ടും ജില്ലയിലെ ആള്‍ക്കാര്‍ വിദൂര ജില്ലയില്‍ ജോലിചെയ്തുവരികയാണ്. സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കാതെ കെഎസ്ആര്‍ടിസിയെ നാഥനില്ലാ കളരിയാക്കിയിരിക്കയാണ്. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവത്തില്‍ രാത്രികാലങ്ങളില്‍ കര്‍ണാടകകേരള ആര്‍ടിസിയിലെ ജീവനക്കാരുടെ സ്റ്റേ മുറികളില്‍ താമസിക്കുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള വെള്ളവും വെളിച്ചവും ലഭ്യമല്ലാതെ വന്നിരിക്കുകയാണ്. വെള്ളമില്ലാത്തതിനാല്‍ സ്ത്രീജീവനക്കാര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് ഗ്യാരേജിനു പുറകിലുള്ള മെക്കാനിക്കല്‍ വിഭാഗത്തിന്റെ യാതൊരുവിധ സുരക്ഷിതത്വവുമില്ലാത്ത ശൗചാലയത്തെയാണ് ആശ്രയിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവത്തില്‍ ഇക്കാര്യത്തില്‍ സ്ത്രീജീവനക്കാര്‍ വളരെയധികം ബുദ്ധിമുട്ടനുഭവിച്ചുവരികയാണ്. ഡിപ്പോയ്ക്കകത്ത് മുഴുവന്‍ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകള്‍ നികത്തണമെന്നും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള വെള്ളവും വെളിച്ചവും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ യൂണിയന്‍ പ്രസിഡണ്ട് കെ.എന്‍.കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ബിജു ജോണ്‍, വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി വി.ഗോപാലകൃഷ്ണ കുറുപ്പ്, സെക്രട്ടറി എം.എ.ജലീല്‍, ഗംഗാധരന്‍ നായര്‍, നരേന്ദ്രന്‍, പി.പി.സുധീര്‍, പി.ടി.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments