ചിറപ്പുറം ആസ്ഥാനമായി നീലേശ്വരത്ത് സമാന്തര ജേസീസ് വരുന്നു


നീലേശ്വരം: വിഭാഗീയത രൂക്ഷമായ നീലേശ്വരം ജേസീസിന് സമാന്തരമായി ചിറപ്പുറം ആസ്ഥാനമാക്കി പുതിയ ജേസീസ് യൂണിറ്റ് രൂപീകരിക്കുന്നു.
മുന്‍ ദേശീയ പ്രസിഡണ്ട് എ.വി.വാമനകുമാറിന്റെ പിന്തുണയോടെയാണ് ചിറപ്പുറം ജേസീസ് രൂപീകരിക്കുന്നത്. ആസ്ഥാനം ചിറപ്പുറത്താണെങ്കിലും പ്രവര്‍ത്തനം നീലേശ്വരത്ത് സജീവമാക്കാനാണ് പുതിയ ജേസീസിന്റെ അണിയറ ശില്‍പ്പികളുടെ നീക്കം. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നീലേശ്വരം ജേസീസ് സസ്‌പെന്റ് ചെയ്ത മുന്‍ പ്രസിഡണ്ട് രജീഷ് കൃഷ്ണന്റെ നേതൃത്വത്തിലാണ് പുതിയ ജേസീസ് യൂണിറ്റ് രൂപീകരിക്കുന്നത്. 45 വര്‍ഷം പഴക്കമുള്ള നീലേശ്വരം ജേസീസില്‍ ഒന്നരവര്‍ഷം മുമ്പ് ഉടലെടുത്ത വിഭാഗീയതയാണ് ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. ഒന്നരവര്‍ഷം മുമ്പ് ഭാരവാഹി സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു. അന്ന് എ.വി.വാമനകുമാര്‍ പിന്തുണച്ച വിഭാഗം വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. അന്നുമുതല്‍ക്കാണ് വിഭാഗീയത ശക്തമായത്. ഇതിനിടയില്‍ ജേസി എജ്യുക്കേഷന്‍ ട്രസ്റ്റിനെതിരെയും ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ട്രസ്റ്റ് പ്രസിഡണ്ട് ഗിരി.ടി മാത്യു സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് കഴിഞ്ഞമാസം നടന്ന ജനറല്‍ബോഡിയോഗത്തില്‍ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുകയും ട്രസ്റ്റിന് നഷ്ടം വന്ന തുക നികത്തുകയും ചെയ്തിരുന്നുവത്രെ.
എന്നാല്‍ ഇതിനിടയിലാണ് സംഘടനക്കെതിരെ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് രജീഷ് കൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ചുപേരെ സംഘടനയില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. പുതിയ ജേസീസ് രൂപീകരണത്തിന് മുന്നോടിയായി കഴിഞ്ഞ ആഴ്ച എ.വി.വാമനകുമാറിന്റെ നേതൃത്വത്തില്‍ നീലേശ്വരത്ത് വിമത വിഭാഗത്തിന്റെ രഹസ്യയോഗം ചേര്‍ന്നിരുന്നു.

Post a Comment

0 Comments