ലോട്ടറി സമ്മാന തര്‍ക്കം: പരാതിക്കാരന്‍ അറസ്റ്റില്‍


കണ്ണൂര്‍: മണ്‍സൂണ്‍ ബംബര്‍ ഒന്നാം സമ്മാന ടിക്കറ്റ് തട്ടിയെടുത്തെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞു. വ്യാജ പരാതി നല്‍കിയ കോഴിക്കോട് സ്വദേശി മുനിയന്‍ അറസ്റ്റിലായി. മണ്‍സൂണ്‍ ബംബറിന്റെ ഒന്നാം സമ്മാനമായ അഞ്ച് കോടി സമ്മാനാര്‍ഹമായ ടിക്കറ്റ് കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശി അജിതന്റേത് തന്നെയാണ് എന്നാണ് തെളിഞ്ഞത്. ടിക്കറ്റില്‍ കൃത്രിമം കാട്ടിയില്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയുകയായിരുന്നു.
ജൂലൈ പതിനെട്ടിനായിരുന്നു മണ്‍സൂണ്‍ ബംബര്‍ നറുക്കെടുപ്പ്. ഇരുപത്തിരണ്ടിനാണ് അജിതന്‍ തന്റെ പേരും വിലാസവുമെഴുതിയ ടിക്കറ്റ് പുതിയ തെരു കാനറാ ബാങ്കില്‍ ഹാജരാക്കിയത്. സമ്മാനത്തുക അജിതന്റെ അക്കൗണ്ടിലെത്താനുള്ള നടപടിക്രമങ്ങളം പൂര്‍ത്തിയായി. എന്നാല്‍ സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമ താനാണെന്നും പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വച്ച് ടിക്കറ്റ് വച്ച പഴ്‌സ് കളവ് പോയതാണെന്നും കാട്ടി കോഴിക്കോട് സ്വദേശി മുനിയന്‍ കഴിഞ്ഞ മാസം ഇരുപത്തിനാലിന് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജൂണ്‍ 16ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപം വച്ച് എടുത്ത ടിക്കറ്റ് ജൂണ്‍ 29ന് വീണ്ടുമെത്തിയപ്പോള്‍ കളവ് പോയെന്നും ആ ടിക്കറ്റാണ് 

അജിതന്‍ ഹാജരാക്കിയതെന്നുമാണ് പരാതി. പിന്നില്‍ പേരും വിലാസവും എഴുതിയെന്നും മുനിയന്‍ അവകാശപ്പെട്ടിരുന്നു. പരാതിയുടെ പശ്ചാത്തലത്തില്‍ പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമ്മാനത്തുക കൈമാറുന്നത് ലോട്ടറി വകുപ്പ് മരവിപ്പിക്കുകയും ചെയ്തിരുന്നു. അജിതന്‍ പ്രതിയെന്ന് സംശയിക്കുന്നുവെന്ന് കാട്ടി കളവ് കേസെടുക്കുകയും ഉണ്ടായി. എന്നാല്‍, ടിക്കറ്റില്‍ പേര് മായ്ച്ച് കളഞ്ഞ് തിരുത്തല്‍ നടന്നിട്ടുണ്ടോ എന്ന ഫോറന്‍സിക് പരിശോധന പരിശോധനയുടെ ഫലം വന്നതോടെ പരാതി വ്യാജമെന്ന് തെളിഞ്ഞിരിക്കുകയാണ്.

Post a Comment

0 Comments